ഈ പദ്ധതി നടപ്പായിക്കോട്ടെ... പിന്നെ കൊച്ചി പഴയ കൊച്ചിയല്ല...
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡാണ് കൊച്ചി കനാല്‍ നവീകരണ പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്.
കൊച്ചി നഗരത്തിലേയും സമീപപ്രദേശങ്ങളിലേയും കനാലുകളെ ബന്ധിപ്പിക്കുന്ന നവീകരണ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ മാര്‍ക്കറ്റ് കനാല്‍ നവീകരണം ആരംഭിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡാണ് കൊച്ചി കനാല്‍ നവീകരണ പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. എറണാകുളം മാര്‍ക്കറ്റ് കനാലിന്റെ ആഴം കൂട്ടല്‍ ജോലികളും വൃത്തിയാക്കലും തുടങ്ങി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചതോടെ പദ്ധതിക്ക് ആവശ്യമായ മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെയും വൈല്‍ഡ് ലൈഫിന്റെയും ഉള്‍പ്പെടെ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞു.
കനാല്‍ നവീകരണവുമായി ബന്ധപ്പൈട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. കിഫ്ബി അനുമതി ഉടന്‍ ലഭിക്കുമെന്നും മാര്‍ച്ച് അവസാനത്തോടെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്നും മെയ് പകുതിയോടെ നിര്‍മാണം തുടങ്ങാനാകുമെന്നും കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍ എന്നിവയുടെ നവീകരണത്തിനാണ് ആദ്യ പരിഗണന. ഈ രണ്ട് കനാലുകളുടെയും പദ്ധതി രൂപകല്‍പ്പനയും ടെണ്ടര്‍ നടപടികളും തയ്യാറയിക്കഴിഞ്ഞു. സ്ഥലം കൈമാറിക്കിട്ടിയാലുടന്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയും.
ഇടപ്പള്ളി കനാലിലെ സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് ജില്ലാ കളക്ടര്‍ ഉടനെ ആരംഭിക്കും. കൊച്ചി നഗരത്തിന്റൈ സുപ്രധന വികസന പദ്ധതിയായതിനാല്‍ ഇടപ്പള്ളി കനാലിന്റെ വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് ജോലികള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രപ്പുഴയിലെ വാട്ടര്‍ മെട്രോ ജട്ടികള്‍ മുട്ടാര്‍ പുഴയിലെ ജട്ടികളുമായി ഈ കനാലുകളിലൂടെ ബന്ധിപ്പിക്കാനും കെ.എം.ആര്‍.എല്‍ ലക്ഷ്യമിടുന്നു. ഏരൂര്‍ ജെട്ടി, ചേരാനല്ലൂര്‍ ജെട്ടി എന്നിവയെ മാര്‍ക്കറ്റ് കനാല്‍ വഴി ഇടപ്പള്ളിയുമായി ബന്ധിപ്പിക്കാനും കഴിയും.
റോഡ് മേല്‍പ്പാലങ്ങളുടെ പുനര്‍നിര്‍മാണം സംബന്ധിച്ചും കിഫ്ബിയുമായി കെ.എം.ആര്‍.എല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എളംകുളം മെട്രോ സ്റ്റേഷനുമായി വാട്ടര്‍ മെട്രോയെ ബന്ധിപ്പിക്കാന്‍ ബണ്ട് റോഡ് പാലം പുനര്‍നിര്‍മിക്കാനും പദ്ധതിയുണ്ട്. കേന്ദ്ര അനുമതി ലഭിച്ചതിനാൽ പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കലാണ് അടുത്ത ഘട്ടം. കനാലുകളിലൂടെ ഗതാഗതം സാധ്യമാക്കണമെങ്കില്‍ 16.5 മീറ്റര്‍ വീതിവേണം എന്നാണ് കെ.എം.ആര്‍.എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കനാലുകളുടെ വീതി സംബന്ധിച്ച നിലവില്‍ ലഭ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പ്രകാരമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കൊച്ചിയിലെ ആറ് കനാലുകളാണ് പദ്ധതി പ്രകാരം വൃത്തിയാക്കി ഗതാഗതയോഗ്യമാക്കുന്നത്. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര-പേരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവ പുനരുദ്ധരിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും ചെയ്യുന്നതാണ് പദ്ധതി. സംസ്ഥാനത്തെ തന്നെ ഏറ്റവും ബൃഹത്തായ മാലിന്യ നിര്‍മാര്‍ജന പ്ലാന്റും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്. കൊച്ചി നഗരമേഖലയുടെ 40 ശതമാനവും കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ പ്രതിദിനം 31 ദശലക്ഷം ലിറ്റര്‍ ശേഷി ഉള്ള പ്ലാന്റാണ് ഉദ്ദേശിക്കുന്നത്. പദ്ധതി സംബന്ധിച്ച വിശദ റിപോര്‍ട്ടുകളെല്ലാം കിഫ്ബിക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. പദ്ധതിരേഖകളുടെ ക്യൂബ് ഐ.ഐ.റ്റി മദ്രാസിന്റെ സാങ്കേതിക സൂക്ഷ്മ പരിശോധന പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...