NITI Ayog Awards : വാഴനാര് കൊണ്ട് സാനിറ്ററി നാപ്കിൻ; അമൃതപുരിയിലെ അഞ്ജു ബിസ്റ്റിന് വുമൺ ട്രാൻസ്ഫോമിങ്ങ് ഇന്ത്യ അവാർഡ്
ദി പാഡ് വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന അഞ്ജു ബിസ്റ്റിലൂടെയാണ് മറ്റൊരു ദേശീയ അംഗീകാരം കൂടി കൊല്ലത്തെ അമൃതപുരിയിലെത്തിയിരിക്കുന്നത്.
കൊല്ലം : നിതി ആയോഗിന്റെ വുമൺ ട്രാൻസ്ഫോമിങ്ങ് ഇന്ത്യ അവാർഡ് നിറവിൽ കൊല്ലം അമൃതപുരി. ദി പാഡ് വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന അഞ്ജു ബിസ്റ്റിലൂടെയാണ് മറ്റൊരു ദേശീയ അംഗീകാരം കൂടി കൊല്ലത്തെ അമൃതപുരിയിലെത്തിയിരിക്കുന്നത്. വാഴനാര് ഉപയോഗിച്ച് നിർമ്മിക്കുന്ന പുനരുപയോഗ സാനിറ്ററി പാഡിന്റെ കണ്ടുപിടുത്തമാണ് അഞ്ചു ബിസ്റ്റയെ അവാർഡിനർഹയാക്കിയത്.
ഇരുപത് വർഷമായി അമൃതാനന്ദമയീ മഠത്തിൽ സേവന പ്രവർത്തനങ്ങളുമായി കുടുംബസമേതം കഴിയുന്ന പഞ്ചാബ് സ്വദേശിനി അഞ്ജു ബിസ്റ്റിന്റെ ഏറെ നാളത്തെ പരീക്ഷണ നിരീക്ഷണങ്ങളുടെ വിജയമാണ് സൗഖ്യം റീയൂസബിൾ പാഡ്. അഞ്ച് വർഷം മുമ്പാണ് പുനരുപയോഗിക്കാൻ കഴിയുന്ന ആർത്തവകാല പാഡുകൾക്ക് അഞ്ചു ബിസ്റ്റ രൂപം നൽകിയത്.
വിപണിയിൽ ലഭ്യമായ ഡിസ്പോസിബിൾ പാഡുകൾ പ്രകൃതിക്ക് ദോഷമായിരിക്കെ, അവയ്ക്ക് ബദലായാണ് സൗഖ്യം എന്ന പേരിൽ പ്രകൃതി സൗഹൃദ പുനരുപയോഗ പാഡുകൾ അഞ്ജു അവതരിപ്പിച്ചത്.
ALSO READ : അമൃതപുരി ആശ്രമത്തിന്റെ വാത്സല്യമേറ്റു വാങ്ങാൻ ഇനി 'ഭക്തി' ഇല്ല
സംസ്കരിച്ചെടുക്കുന്ന വാഴനാരുകൾ കൊണ്ടാണ് പാഡിന്റെ നിർമ്മാണം. അമൃത സർവകലാശാല തന്നെയാണ് പാഡ് നിർമാണത്തിനുള്ള യന്ത്രങ്ങൾ വികസിപ്പിച്ചെടുത്തത്. യുഎന്നിന്റെയും ദേശീയ ഗ്രാമീണ വികസന മന്ത്രാലയത്തിന്റെയും അംഗീകാരങ്ങൾക്ക് പിന്നാലെയാണ് നിതി ആയോഗിന്റെ വുമൺ ട്രാൻസ്ഫോമിങ്ങ് ഇന്ത്യ അവാർഡും സൗഖ്യം പാഡിന് ലഭിച്ചിരിക്കുന്നത്.
വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച 75 പേർക്കൊപ്പമാണ് അഞ്ചു ബിസ്റ്റയ്ക്കും അംഗീകാരം ലഭിച്ചത്. വ്യത്യസ്ത തരത്തിലുള്ള അഞ്ചുലക്ഷത്തോളം സൗഖ്യംപാഡുകളാണ് ഇതിനോടകം വിപണിയിലെത്തിയിട്ടുള്ളത്.
അമൃത ശ്രീയുമായി ചേർന്ന് കൂടുതൽ യൂണിറ്റുകൾ ആരംഭിച്ച് നിരവധി വനിതകൾക്ക് തൊഴിലവസരങ്ങൾ ഒരുക്കി റീയൂസബിൾപാഡ് നിർമ്മാണത്തിൽ പുതിയൊരു വിപ്ലവം സൃഷ്ടിക്കാനാണ് അമൃതയുടെ സൗഖ്യം ടീമിന്റെ നീക്കം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.