Nivin Pauly: നിവിൻ പോളി അവരെ പോലെയല്ല; മറ്റ് ആരോപണ വിധേയരിൽ നിന്നും നിവിനെ വ്യത്യസ്തനാക്കുന്നതെന്ത്?
ഒരു മാസം മുന്നേ നല്‍കിയ പരാതിയില്‍ പീഡന ആരോപണമില്ല, മറിച്ച് നിവിനും കൂട്ടരും മര്‍ദ്ദിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്.
ഓഗസ്റ്റ് 19! മലയാള സിനിമയിൽ ഏറ്റവും നിര്‍ണായകമായി മാറിയ ദിവസം. 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോൾ കാസ്റ്റിംഗ് കൗച്ച്, പവര്‍ ഗ്രൂപ്പ്, ലിംഗ വിവേചനം, തുടങ്ങി ഒട്ടേറെ വിവരങ്ങളാണ് വെളിപ്പെട്ടത്. എന്നാലും മറ്റ് പേര് വിവരങ്ങളൊന്നും അതിൽ ഉൾപ്പെട്ടിരുന്നില്ല. സ്വകാര്യത മാനിച്ച് സെന്‍സർ ചെയ്ത് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇരകള്‍ക്കൊപ്പം വേട്ടക്കാരുടെ സ്വകാര്യതയും മാനിക്കപ്പെട്ടു. റിപ്പോർട്ടിനെ തുടർന്ന് നിരവധി ആരോപണശരങ്ങളാണ് നടന്മാർക്കെതിരെ പതിച്ചത്. എന്നാൽ ഇത് വരെയുണ്ടായ ആരോപണങ്ങളിൽ നിന്ന് നിവിൻ പോളി തികച്ചും വ്യത്യസ്തനാവുകയാണ്.
നടന്മാർ, സംവിധായകർ, അണിയറ പ്രവർത്തകർ തുടങ്ങി നിരവധി പേർക്കെതിരെയാണ് ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രജ്ഞിത്തിന്റെ മേലായിരുന്നു ആദ്യത്തെ ആരോപണം. 2009ല്‍ പാലേരി മാണിക്യം സിനിമയുടെ ചര്‍ച്ചയ്ക്കിടെ സംവിധായകന്‍ രജ്ഞിത്ത് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബംഗാളി നടിയുടെ വെളിപ്പെടുത്തൽ.
രണ്ടാമത്തെ പ്രഹരം സിദ്ദിഖിനായിരുന്നു. പ്രായപൂർത്തിയാവുന്നതിന് മുമ്പേ ശാരീരികമായി ബലാൽസംഗം ചെയ്തുവെന്നായിരുന്നു യുവതി വെളിപ്പെടുത്തിയത്. അടുത്ത ദിവസം മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങി 7 പേർക്കെതിരെ ആരോപണം ഉയർന്നു. പിന്നീടുള്ള ദിവസങ്ങളിൽ ലിസ്റ്റുകൾ നീണ്ട് വന്നു. ഒടുവിൽ നിവിന്‍ പോളിയില്‍ എത്തി നില്‍ക്കുന്നു.
കഴിഞ്ഞ നവംബറില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ദുബായില്‍ വച്ച് നിവിൻ പോളിയും കൂട്ടരും ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസിൽ ആറാം പ്രതിയാണ് നിവിൻ. എന്നാല്‍ നിവിന്‍ പോളിയ്ക്കെതിരെയുള്ള ആരോപണം മറ്റ് കേസുകളിൽ നിന്ന് വ്യത്യസ്തമാവുകയാണ്.
സാമൂഹമാധ്യമങ്ങളിലെ കമന്റുകളില്‍ നിന്ന് അത് വ്യക്തമാകും. മറ്റ് ആരോപണ വിധേയർക്ക് കിട്ടാതിരുന്ന പ്രേക്ഷക പിന്തുണ നിവിന്‍ പോളിക്ക് മാത്രം ലഭിച്ചു. എന്തായിരിക്കും അതിന് കാരണം. ഒരു പക്ഷേ ആരോപണം വന്നതിന് പിന്നാലെ മാധ്യമങ്ങളെ വിളിച്ച് വരുത്തി തന്റെ ഭാഗം വ്യക്തമാക്കാന്‍ നിവിൻ പോളി കാണിച്ച ധൈര്യമായിരിക്കാം.
ഒരു മാസം മുന്നേ ഇതേ യുവതി നല്‍കിയ പരാതിയില്‍ പീഡന ആരോപണമില്ല, മറിച്ച് നിവിനും കൂട്ടരും മര്‍ദ്ദിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പൊരുത്ത കേടുകള്‍ കണ്ടെത്തി. ആശുപത്രി രേഖകള്‍ ഹാജരാക്കാനും യുവതിക്ക് കഴിഞ്ഞിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസമാണ് തന്നെ പീഡിപ്പിച്ചതായി യുവതി പറഞ്ഞത്. തന്റെ ഫോൺ നിവിന്റെ കൈയിലാണെന്നും അത് കൊണ്ടാണ് ഇത്ര ആത്മ വിശ്വാസത്തോടെ നിവിൻ നിൽക്കുന്നതെന്നും പറഞ്ഞു. ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായും വ്യക്തമാക്കി. എന്നാൽ പരാതിക്കാരിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് നിവിൻ പറഞ്ഞു.
വ്യാജ പരാതി ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തന്റെ ഭാഗത്ത് 100 ശതമാനം ന്യായമുണ്ടെന്നും നടൻ വ്യക്തമാക്കി. പൊലീസ് പറഞ്ഞ പ്രതിപട്ടികയിലെ പലരെയും തനിക്കറിയില്ല. പട്ടികയിലുള്ള നിർമ്മാതാവിനെ ദുബായ് മാളിൽ വച്ച് കണ്ടിട്ടുണ്ട്. സിനിമയുടെ ഫണ്ടിംഗ് സംബന്ധിച്ചുള്ള കൂടിക്കാഴ്ചയായിരുന്നുവെന്നും മറ്റ് വ്യക്തിപരമായ അടുപ്പമില്ലെന്നും നടൻ പറഞ്ഞു.
ഒന്നരമാസം മുമ്പ് കോതമംഗലം ഊന്നുകൽ പൊലീസ് വിളിച്ചിരുന്നുവെന്നും പരാതിക്കാരിയെ അറിയില്ലെന്ന് പൊലീസിനോട് പറഞ്ഞുവെന്നും താരം വ്യക്തമാക്കി. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. പോരാട്ടം തുടരുമെന്നും ഇവിടെ എല്ലാവർക്കും ജീവിക്കണമെന്നുമാണ് നിവിൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ആരോപണം സത്യമല്ലെന്ന് തെളിയുമ്പോൾ മാധ്യമങ്ങൾ കൂടെ നിൽക്കണമെന്നും താരം കൂട്ടിച്ചേർത്തു.
കൂടെ ആരുമില്ലെങ്കിലും ഒറ്റയ്ക്ക് പോരാടുമെന്നും കുടുംബത്തിന്റെ പിന്തുണ ഉണ്ടെന്നും നടൻ പറഞ്ഞു. വ്യാജ ആരോപണം ബാധിക്കുന്നത് കുടുംബത്തെയാണ്. അമ്മയെയാണ് ആണ് വിളിച്ചത്. അവരെല്ലാം തന്റെ ഒപ്പം നിൽക്കുന്നുവെന്നും താരം പറഞ്ഞു.
ആരോപണങ്ങളിൽ ആരുടെ ഭാഗത്താണ് ശരിയെന്ന് പറയാൻ കഴിയില്ല. ഇത് വരെ വന്ന ആരോപണങ്ങളിലെല്ലാം അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് വരുമ്പോൾ മാത്രമേ സത്യമെന്താണെന്ന് അറിയാൻ സാധിക്കൂ. എന്നാൽ മറ്റ് താരങ്ങൾ ആരോപണങ്ങളിൽ പ്രതികരിക്കാതിരുന്നപ്പോൾ അല്ലെങ്കിൽ ദിവസങ്ങളെടുത്തപ്പോൾ തന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് പറയാൻ നിവിൻ പോളിക്ക് കാത്തിരിക്കേണ്ടി വന്നില്ല എന്നത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.