വൈക്കം: ഹാദിയക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. ഹാദിയ സന്തോഷവതിയാണെന്നും, കോടതിയിലെത്തേണ്ട നവംബര്‍ 27 ആകാന്‍ അവള്‍ കാത്തിരിക്കുകയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രേഖ ശര്‍മ്മ വൈക്കത്തെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലവ് ജിഹാദ് അല്ല നിര്‍ബന്ധിത മത പരിവര്‍ത്തനമാണ് നടന്നതെന്ന് രേഖ ചൂണ്ടിക്കാട്ടി. ഹാദിയ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഹാദിയയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും രേഖ പറഞ്ഞു. സന്ദർശന വേളയിലെടുത്ത ഹാദിയയുടെ ചിത്രവും രേഖ ശർമ്മ മൊബൈൽ ഉയർത്തി മാധ്യമങ്ങളെ കാട്ടി. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്നതായിരുന്നു രേഖ ശർമ്മയുടെ സന്ദർശനം. മാധ്യമങ്ങൾ ആരോപിക്കുന്നത് പോലെ ഹാദിയ വിഷയത്തിൽ മാനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും നടന്നിട്ടില്ല. എന്നാൽ കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നും അധ്യക്ഷ ആരോപിച്ചു. ഹാദിയയുടെ നിലപാടു സംബന്ധിച്ച യാതൊന്നും ചർച്ചയായില്ലെന്നും 27നു കോടതിയിൽ ഹാജരാകുമ്പോൾ ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശർമ്മ അറിയിച്ചു. രേഖ ശർമ്മ മൂന്നു ദിവസം കേരളത്തിലുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്ടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മിഷൻ സിറ്റിങ് ഉണ്ട്. പരാതിയുള്ള ആർക്കും നേരിൽ കാണമെന്നും രേഖ ശർമ്മ പറഞ്ഞു.