തിരുവനന്തപുരം: ജനാഭിപ്രായം കണക്കിലെടുത്ത് മദ്യനയം പുനപരിശോധിക്കുമെന്ന് സര്‍ക്കാര്‍. ബാറുകള്‍ പൂട്ടിയത് വേണ്ടത്ര ഗുണം ചെയ്തില്ല. മദ്യനയം തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ ജനാഭിപ്രായം തേടുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.മദ്യ ഉപഭോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലവത്തായില്ല. മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിക്കുകയും ചെയ്തു. ഇത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പി സാദാശിവം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് പോലും ഫണ്ടില്ലാത്തത് സര്‍ക്കാരിന് തിരിച്ചടിയാകുന്നെന്നും വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് വന്‍വീഴ്ചയാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന ആമുഖത്തോടെയാണ് നയപ്രഖ്യാപനം ആരംഭിച്ചത്. സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ഉറപ്പു വരുത്തുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.


കേരളത്തെ വിശപ്പ് രഹിത സംസ്ഥാനമാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 1,500 പുതിയ സ്റ്റാര്‍ട്ട അപ്പുകള്‍ തുടങ്ങും. പഞ്ചവത്സര പദ്ധതികള്‍ കൃത്യവും ആസൂത്രിതവുമാക്കും. സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും, തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ് എന്നിവയാണ് നയപ്രഖ്യാപനത്തിലെ മുഖ്യ വാഗ്ദാനങ്ങള്‍.