കൊച്ചി: ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതില്‍ സഭയ്ക്കും സര്‍ക്കാരിനുമെതിരേ ശക്തമായ വിമര്‍ശനവുമായി കന്യാസ്ത്രീകള്‍. കൊച്ചിയില്‍ നടന്ന സമരത്തിനിടെയാണ് കന്യാസത്രീകള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ സമരത്തിനിറങ്ങുകയാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. കന്യാസ്ത്രീകളുടെ വിലാപം സഭയും അധികാരികളും കേള്‍ക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടു. 


ജലന്ധർ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റു വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം കൊച്ചിയില്‍ ആരംഭിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.


ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇതിനിടെ കൂടുതുല്‍ മൊഴികള്‍ പുറത്തു വന്നിരുന്നു. 


തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്‍റെ മോശം പെരുമാറ്റം മൂലമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ബിഷപ്പിനെതിരെ മഠത്തിലെ കന്യാസ്ത്രീകളില്‍ നിന്ന് മൊഴികളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, പരാതി ഉന്നയിച്ച കന്യാസ്ത്രീയടക്കം നാലുപേര്‍ ഇപ്പോള്‍ ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.