ഓഖി ചുഴലിക്കാറ്റ്: കാണാതായവരില്‍ 150 പേരെ രക്ഷപെടുത്തി
ശംഖുമുഖം: തിരുവനന്തപുരത്ത് ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കുടുങ്ങിപ്പോയ 187 മത്സ്യത്തൊഴിലാളികളില്‍ 150 പേരെ രക്ഷപെടുത്തി. വ്യോമസേനയുടേയും നാവികസേനയുടേയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെ 65 പേരെ രക്ഷപെടുത്തി കരയിലെത്തിച്ചു.
ഉള്‍ക്കടലിലുണ്ടായിരുന്ന ഒരു ജാപ്പനീസ് കപ്പല്‍ ഏകദേശം 60 പേരെ രക്ഷപെടുത്തി. ഇവരുമായി വിഴിഞ്ഞം തുറമുഖത്തേക്ക് തിരിച്ചിട്ടുണ്ട്. കോസ്റ്റുഗാര്‍ഡുമായി ബന്ധപ്പെട്ട് ഇവരെ കരയിലെത്തിക്കാനുള്ള ക്രമീകരണം നടന്നുവരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചത് ഇനി 40 ഓളം പേരെ മാത്രമേ രക്ഷപെടുത്താന്‍ ബാക്കിയുള്ളൂ എന്നാണ്. ബാക്കിയുള്ളവരെയെല്ലാം കപ്പലിലെത്തിക്കാനോ വിമാനത്തിലേക്ക് എത്തിക്കാനോ കഴിഞ്ഞിട്ടുണ്ട്. ഹെലിക്കോപ്ടറില്‍ നിരീക്ഷണം നടത്തി കടലില്‍ പെട്ടുപോയവരെ കണ്ടെത്തി ഇവരെ വിമാനത്തിലേക്ക് മാറ്റുന്ന ജോലിയാണ് നടക്കുന്നത്. രക്ഷപെടുത്തിയ പലരും അവശനിലയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരെയും നിയോഗിച്ചു.