തിരുവനന്തപുരം: കെഎസ്ഇബിയിൽ നടന്ന തൊഴിലാളി യൂണിയനുകളുടെ സമരവുമായി ബന്ധപ്പെട്ട് സമവായ ചർച്ചയ്ക്കിടെ പുതിയ പ്രതിസന്ധി. ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് എം.ജി സുരേഷ് കുമാര്‍ അനധികൃതമായി കാർ ഉപയോഗിച്ചുവെന്ന് കാണിച്ച് കെ.എസ്.ഇ.ബി 6,72,560 രൂപ പിഴയിട്ടു. മുന്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് സുരേഷ് കുമാര്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. അതേസമയം, പിഴ സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് സുരേഷ്കുമാർ പ്രതികരിച്ചു. എം.എം.മണിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പരാതിക്കാരൻ സുരേന്ദ്രൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

2017 മുതൽ 2020 വരെ മുൻ വൈദ്യുതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് എം ജി സുരേഷ് കുമാർ കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനത്തിൽ 48,640 കിലോമീറ്റർ സ്വകാര്യ യാത്ര നടത്തിയെന്നാണ് ചീഫ് വിജിലൻസ് ഓഫീസറുടെ കണ്ടെത്തൽ. സുരേഷ് കുമാർ 6,72,560 രൂപ പിഴടയ്ക്കണമെന്നാണ് ചെയർമാന്റെ നോട്ടീസ്. മന്ത്രി നടത്തിയ സമവായ ചർച്ചയുടെ തലേനാളത്തെ തീയതിയിലാണ് നോട്ടീസ്. 


ALSO READ : കെ.എസ്.ഇ.ബിയിൽ സമവായം ഇല്ല; അസോസിയേഷൻ പ്രസിഡന്‍റ് എം.ജി. സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി


സംഭവം പ്രതികാര നടപടിയാണെന്ന് എം ജി സുരേഷ്കുമാർ ആരോപിച്ചു. അതേസമയം പിഴ സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് യാത്ര ചെയ്തത് എംഎം മണിയോടൊപ്പമാണ്. അത് സംബന്ധിച്ച് കൂടുതൽ പറയേണ്ടത് എം.എം.മണിയാണെന്നും സുരേഷ്കുമാർ പറഞ്ഞു. എന്നാൽ, കെ.കെ.സുരേന്ദ്രന്‍ എന്നായാളുടെ പരാതിയില്‍ ബോര്‍ഡ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പിഴ വിധിച്ചിരിക്കുന്നതെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം.


അതേസമയം, കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയും വ്യക്തമാക്കി. വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയില്ല. താന്‍ മന്ത്രിയും ചെയര്‍മാനുമായിരുന്ന കാലത്ത് ബോര്‍ഡും സര്‍ക്കാരും ഓരോ വാഹനങ്ങള്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ വകുപ്പ് മന്ത്രി അല്ലാത്തതിനാല്‍ അതൊന്നും അന്വേഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


ALSO READ : വിട്ടുവീഴ്ചയ്ക്കു തയ്യാര്‍; കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി


വകുപ്പ് മന്ത്രിയുടേയും മന്ത്രിയുടെ ഓഫീസിന്റേയും നിര്‍ദേശം അനുസരിച്ചാണ് സുരേഷ് കുമാര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വാഹനം ഉപയോഗിച്ചിരിക്കുന്നതും അതിന്റെ അടിസ്ഥാനത്തിലാണ്. രേഖകളൊക്കെ ബന്ധപ്പെട്ടവര്‍ക്ക് വേണമെങ്കില്‍ മാറ്റാമല്ലോ. സുരേഷ് കുമാര്‍ സംഘടനാ നേതാവായതിനാല്‍ അയാളെ തേജോവധം ചെയ്യാന്‍ കരുതിക്കൂട്ടി നടക്കുന്ന ശ്രമങ്ങളാണ് കാണുന്നത്. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അദ്ദേഹം ആയതിനാലുള്ള പരിപാടികളാണ് ഇതെല്ലാമെന്നും എംഎം മണി വ്യക്തമാക്കി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.