Omicron update | കോഴിക്കോട് 51 പേരെ പരിശോധിച്ചതിൽ 38 പേർക്ക് ഒമിക്രോൺ; സമൂഹവ്യാപനമെന്ന് സംശയം
ഒമിക്രോണ്‍ സാമൂഹിക വ്യാപനം ഉണ്ടായതായി ആരോഗ്യവകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
തിരുവനന്തപുരം: കോഴിക്കോട് ഒമിക്രോൺ വ്യാപനം രൂക്ഷമെന്ന് പരിശോധനാ ഫലം. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിലാണ് വ്യാപകമായ ഒമിക്രോണ്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പോസിറ്റീവായ 51 പേരെ എസ്ജിടിഎഫ് സ്ക്രീനിംഗ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഇവരിൽ 38 പേർ ഒമിക്രോൺ ബാധിതരാണെന്ന് കണ്ടെത്തി. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒമിക്രോൺ സാമൂഹിക വ്യാപനം ഉണ്ടായെന്നാണ് ആരോഗ്യവിദഗ്ധർ സംശയിക്കുന്നത്.
ഒമിക്രോണ്‍ സാമൂഹിക വ്യാപനം ഉണ്ടായതായി ആരോഗ്യവകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാൽ പരിശോധനാ ഫലങ്ങൾ സാമൂഹിക വ്യാപനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോവിഡ് പോസിറ്റീവായി വരുന്നവരില്‍ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി ഒമിക്രോണ്‍ ബാധിതരുണ്ടോയെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് വലിയ തോതില്‍ ഒമിക്രോൺ വ്യാപനം ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1,702 പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 7,743 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനവും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കോവിഡ്-19 വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 156.76 കോടി വാക്സിൻ ഡോസുകൾ നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...