നഗരത്തിൻറെ പഴയകാല പ്രതാപങ്ങളിൽ ഒന്നായ മുസലിയാർ ബിൽഡിംഗ് വിസ്മൃതിയിലേയ്ക്ക്
നഗരത്തിൻറെ പഴയകാല പ്രതാപങ്ങളിൽ ഒന്നായ ചിന്നക്കടയിലെ മുസലിയാർ ബിൽഡിംഗ് വിസ്മൃതിയിലേയ്ക്ക്.
നഗരത്തിൻറെ പഴയകാല പ്രതാപങ്ങളിൽ ഒന്നായ ചിന്നക്കടയിലെ മുസലിയാർ ബിൽഡിംഗ് വിസ്മൃതിയിലേയ്ക്ക്. ദേശിംഗനാടിൻറെ ഹൃദയഭൂമിയിൽ തലയെടുപ്പോടെ നിന്നിരുന്ന ഈ കെട്ടിടം ഇനി ചരിത്രത്തിൻറെ ഭാഗമായി മാറുകയാണ്.
കൊല്ലം ടൗണിലൂടെ കടന്നുപോകുന്നവർക്ക് ഈ കെട്ടിടം കാണാതെ പോകാനാവില്ല. നഗര സിരാ കേന്ദ്രത്തിലെ ഈ വ്യാപാര സമുച്ചയം പൊളിച്ച് തുടങ്ങിക്കഴിഞ്ഞു. കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായി ആയിരുന്ന തങ്ങൾ കുഞ്ഞ് മുസലിയാരാണ് ഈ കെട്ടിടം നിർമിച്ചത്. അദ്ദേഹം വില കൊടുത്ത് വാങ്ങിയ സ്ഥലത്തായിരുന്നു നിർമാണം.
പൊതുജനങ്ങൾക്ക് യാത്രാ സൗകര്യം ലഭിക്കുന്നതിന് കുറേയേറെ സ്ഥലം മാറ്റി വച്ചാണ് അദ്ദേഹം കെട്ടിട സമുച്ചയം പടുത്തുയർത്തിയത്. മുസലിയാരുടെ ഈ മനസ് അന്ന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മൂന്ന് വശങ്ങളിലൂടെ ഉള്ളിൽ കയറാൻ കഴിയുന്ന വിധത്തിലായിരുന്നു കെട്ടിടം നിർമിച്ചത്. മെയിൻ റോഡ്, വടയാറ്റുകോട്ട റോഡ്, ദേശീയപാത എന്നിവ വഴി മുസലിയാർ ബിൽഡിംഗിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു. പ്രശസ്തമായ നിരവധി സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത്. അവശേഷിക്കുന്നതിൽ പ്രധാനപ്പെട്ടത് വെസ്റ്റേൺ മെഡിക്കൽ സ്റ്റോർ മാത്രം.
താഴത്തെ നിലയിൽ ഉണ്ടായിരുന്ന ജോസഫ് ഹില്ലാരിയുടെ സ്റ്റേഷനറിക്കട, ഖാദി ഗ്രാമോദ്യോഗ് ഭവൻ, അംബാസഡർ കാറുകളുടെ കലവറയായ മരിക്കാർ മോട്ടോഴ്‌സ് എന്നിവയൊന്നും ഇന്നില്ല. മുകളിലത്തെ നിലയിൽ സജീവമായി ഇടപാടുകൾ നടന്നിരുന്ന ഇന്ത്യൻ ഓവർസീസ് ബാങ്ക്, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തനം മറ്റിടങ്ങളിലേയ്ക്ക് മാറ്റി.
കെട്ടിടത്തിൻറെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഗ്രാൻറ്, പ്രിൻസ് ഇരട്ട തിയേറ്ററുകളും പ്രവർത്തനം നിർത്തിയിട്ട് മാസങ്ങളായി. പ്രിൻസ് തിയേറ്ററിനോട് ചേർന്നുള്ള സ്റ്റാക്ക് ബാറിലെ ആവി പറക്കുന്ന കാപ്പി കുടിക്കാത്തവർ വിരളമായിരിക്കും. വടയാറ്റുകോട്ട റോഡിന് എതിർവശത്തെ സുപ്രിം സൂപ്പർ മാർക്കറ്റും ബേക്കറിയും അവിടെ തന്നെയുണ്ട്. മെയിൻ റോഡിന് എതിർ വശത്തെ കവാടത്തിന് മുന്നിൽ നിന്നാണ് കെട്ടിടം പൊളിക്കുന്നത് ആരംഭിച്ചത്. സമീപ ഭാവിയിൽ മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ അടക്കമുള്ള കൂറ്റൻ ഷോപ്പിംഗ് കോംപ്ലക്‌സ് ഇവിടെ ഉയർന്നുവരും. എങ്കിലും മുസലിയാർ ബിൽഡിംഗ് ഇല്ലാതാകുന്നത് കൊല്ലംകാരെ സംബന്ധിച്ചിടത്തോളം സങ്കടപ്പെടുത്തുന്ന കാര്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.