അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്താല്‍ കടുത്ത നടപടി....
അദ്ധ്യാപകര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ്.
തിരുവനന്തപുരം: അദ്ധ്യാപകര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ്.
ഇന്നലെയാണ് കേരളത്തില്‍ പുതിയ അധ്യയന വര്‍ഷ൦ ആരംഭിച്ചത്. എന്നാല്‍, കോവിഡ് lock down മൂലം സ്കൂള്‍ തുറക്കാതെ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍, ടെലിവിഷന്‍ ക്ലാസുകള്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍, ക്ലാസുകള്‍ അവതരിപ്പിച്ച അദ്ധ്യാപകരുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയയില്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.
വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസ് എടുത്ത ചില അദ്ധ്യാപികമാരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം, അദ്ധ്യാപകരെ അപമാനിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇക്കൂട്ടര്‍ സൈബര്‍ പോലീസിന്‍റെ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനായി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അദ്ധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ശരിയല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും കേരള പോലീസ് വ്യക്തമാക്കി.
കുട്ടികള്‍ക്കായി ക്ലാസ് എടുക്കുന്ന അദ്ധ്യാപകരുടെ വീഡിയോകള്‍ സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടെന്നും ഇത് അത്യന്തം വേദനാജനകമാണെന്നും കൈറ്റ് വിക്ടേഴ്സ് സിഇഒ അന്‍വര്‍ സാദത്ത് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, അദ്ധ്യാപികമാരെ അവഹേളിക്കാന്‍ ശ്രമിച്ചവര്‍ തീ കൊണ്ടാണ് കളിച്ചതെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. കേരളത്തിന്‍റെ അഭിമാനമാണ് ഈ അദ്ധ്യാപകർ. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ, സഭ്യേതരമായ ഭാഷയിൽ ഇവരെ അവഹേളിക്കുന്ന വികൃത മനസുകളെയും നാമിന്ന് കണ്ടു. ഇതിന് ഇരയായ ടീച്ചർമാർ വിഷമിക്കരുതെന്നും ശക്തമായ നടപടി തന്നെ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിക്ടേഴ്‌സ് ചാനലില്‍ ജൂണ്‍ ഒന്നിന് പഠിപ്പിക്കാനെത്തിയ അദ്ധ്യാപകരെ അവഹേളിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. നിരവധി ട്രോളുകളും അശ്ലീല പരാമര്‍ശവുമാണ് അദ്ധ്യാപകര്‍ക്ക് നേരിടേണ്ടി വന്നത്.
ചില കേന്ദ്രങ്ങളില്‍നിന്നാണ് ആവര്‍ത്തിച്ച് ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അദ്ധ്യാപകര്‍ രേഖാമൂലം പരാതി നല്‍കുകയാണെങ്കില്‍ വേഗത്തില്‍ നടപടിയുമായി മുന്നോട്ടുപോകും. അദ്ധ്യാപകര്‍ പരാതിയുമായി മുന്നോട്ട് വന്നില്ലെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ പോലീസ് ഡി.ജി.പിയുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.
ഇനിയും ക്ലാസുകള്‍ തുടരേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അദ്ധ്യാപകരെ മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള നീക്കങ്ങള്‍ക്കെതിരെ നടപടി വേണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ആവശ്യം.