കോട്ടയം: സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീടെന്ന മോഹം ബാക്കിയാക്കിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിട പറഞ്ഞത്. അരനൂറ്റാണ്ടിലേറെയായി, കൃത്യമായി പറഞ്ഞാൽ 53 വർഷമായി പുതുപ്പള്ളി മണ്ഡലത്തെ ഉമ്മൻ ചാണ്ടി പ്രിതിനിധീകരിക്കുന്നു. പുതുപ്പള്ളിക്കാരുടെ എല്ലാമെല്ലാകുമ്പോഴും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ലെന്ന യാഥാർത്ഥ്യം പലർക്കും അറിയില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

അവസാന കാലത്ത് പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീട് വേണമെന്ന ആ​ഗ്രഹം ഉമ്മൻ ചാണ്ടിയ്ക്ക് ഉണ്ടായിരുന്നു. ഇത് പ്രകാരം പുതുപ്പള്ളിയിൽ പുതിയ വീടിന്റെ പണി ഒരു വർഷം മുമ്പ് തുടങ്ങുകയും ചെയ്തു. എന്നാൽ, രോ​ഗവും ചികിത്സയുമെല്ലാമായി അദ്ദേഹം ബെം​ഗളൂരുവിലേയ്ക്ക് പോയതോടെ പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിന് സമീപത്തുള്ള വീടിൻ്റെ പണി മന്ദ​ഗതിയിലായി. ഇപ്പോൾ ഈ വീടിന്റെ ആദ്യ ഘട്ട പണികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. 


ALSO READ: കേരളത്തിന്റെ മാറ്റുകൂട്ടിയ നേതാവ്; കൊച്ചിമെട്രോ മുതൽ വിഴിഞ്ഞം വരെയുള്ള കുഞ്ഞൂഞ്ഞിന്റെ വികസന നേട്ടങ്ങൾ 


പുതുപ്പള്ളിയിൽ ഇളയ സഹോദരൻ താമസിച്ചിരുന്ന തറവാട് വീട്ടിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ താമസം. പൊതു പ്രവർത്തനത്തിന്റെ ഭാ​ഗമായി എത്തുന്ന സന്ദർശകരെല്ലാം ഈ തറവാട്ട് വീട്ടിലേയ്ക്കായിരുന്നു എത്തിയിരുന്നത്. തുടർന്ന് പുതിയ വീടിന് തറക്കല്ലിട്ടപ്പോഴാണ് അദ്ദേഹത്തിന്  അസുഖം മൂർച്ഛിച്ചത്. പിന്നീട് ചികിത്സയ്ക്കായി അദ്ദേഹം ബെം​ഗളൂരുവിലേയ്ക്ക് പോയതോടെ വീട് പണി നിലയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം പണി പൂർത്തിയാകാത്ത സ്വപ്ന ഭവനത്തിലും പൊതുദർശനത്തിന് വെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെക്കുറിച്ചുള്ള കൂടുതൽ സ്ഥിരീകരണങ്ങൾ ലഭ്യമായിട്ടില്ല. 


ഒരിക്കൽ പോലും ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളി മണ്ഡലം കൈവിട്ടിട്ടില്ല. തുടർച്ചയായി 12 തവണയാണ് ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിക്കാർ നിയമസഭയിലേക്ക് അയച്ചത്. 1970ലായിരുന്നു പുതുപ്പള്ളിയുടെ ജനഹൃദയത്തിലേക്കുള്ള ആദ്യ യാത്രയ്ക്ക് അദ്ദേഹം തുടക്കമിട്ടത്. എതിർ സ്ഥാനാർത്ഥിയായിരുന്ന സി.പി.എമ്മിൻ്റെ ഇ.എം ജോർജിനെ ഏഴായിരത്തിൽപരം വോട്ടിനാണ് ഉമ്മൻ ചാണ്ടി തോൽപിച്ചാത്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തിനു തന്നെ സ്വന്തം കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിക്കാർ തിരുവനന്തപുരത്തേക്ക് അയച്ചു.


തിരുവനന്തപുരത്തെ വസതിയ്ക്ക് ഉമ്മൻ ചാണ്ടി നൽകിയ പുതുപ്പള്ളി ഹൗസ് എന്ന പേര് തന്നെ അദ്ദേഹത്തിന് പുതുപ്പള്ളിയോടുള്ള സ്നേഹം പ്രകടമാക്കുന്നു. 1970 മുതൽ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ പല നിർണായകമായ തീരുമാനങ്ങൾക്കും സാക്ഷിയായ വസതിയാണ് പുതുപ്പള്ളി ഹൗസ്. പ്രിയ നേതാവിനോട് നേരിട്ട് വിഷമങ്ങൾ അറിയിക്കാനായി ആയിരങ്ങൾ എത്തിയിരുന്ന പുതുപ്പള്ളി ഹൗസ് ഇപ്പോൾ കണ്ണീർക്കടലായി മാറിയിരിക്കുകയാണ്. 


ഇന്ന് പുലർച്ചെ നാലരയോടെ ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം സംഭവിച്ചത്. കുഴിഞ്ഞ കുറേ കാലമായി അദ്ദേഹം അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേയ്ക്ക് എത്തിക്കും. പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തെത്തുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. പിന്നീട് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. ഇതിന് ശേഷം കെപിസിസി ഓഫീസിൽ പൊതുദർശനം നടത്തിയ ശേഷം രാത്രി വീണ്ടും ​ജ​ഗതിയിലെ വസതിയിലേയ്ക്ക് തന്നെ എത്തിക്കും. നാളെ രാവിലെ 7 മണിയോടെ ഭൗതിക ദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെയ്ക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്കാരം നടക്കുക.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.