Oommen Chandy: കേരളത്തിന്റെ മാറ്റുകൂട്ടിയ നേതാവ്; കൊച്ചിമെട്രോ മുതൽ വിഴിഞ്ഞം വരെയുള്ള കുഞ്ഞൂഞ്ഞിന്റെ വികസന നേട്ടങ്ങൾ

Oomen Chandy Development Projects in Kerala: അഞ്ചു ജില്ലകളിലായി ഒതുങ്ങി നിന്ന കേരളത്തിലെ മെഡിക്കൽ കോളേജ് സംവിധാനം കേരളം മുഴുവൻ വ്യാപിപ്പിച്ചത് ഉമ്മൻ ചാണ്ടിയാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 11:53 AM IST
  • ഈ ഭൂമിയിൽ നിന്നും മാഞ്ഞാലും ജനമനസ്സിൽ എന്നും ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കും.
  • 1911ലാണ് കേരളത്തിൽ വിഴിഞ്ഞം പദ്ധതി അവതരിപ്പിക്കുന്നത്.
Oommen Chandy: കേരളത്തിന്റെ മാറ്റുകൂട്ടിയ നേതാവ്; കൊച്ചിമെട്രോ മുതൽ വിഴിഞ്ഞം വരെയുള്ള കുഞ്ഞൂഞ്ഞിന്റെ വികസന നേട്ടങ്ങൾ

കേരളം അത് മാത്രമായിരുന്നു എന്നും കുഞ്ഞൂഞ്ഞിന്റെ മനസ്സിൽ. തന്റെ മുന്നിലെത്തുന്ന എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ച് സൗമ്യതയോടെ ഇടപഴകുന്ന നേതാവ്. രോ​ഗത്തിന്റെ അവശതയിലും അതിനു കീഴടങ്ങാതെ രാഷ്ട്രീയത്തിലെ തന്റെ നിലപാടുകളിൽ ശക്തമായി ഉറച്ചു നിന്ന ചുരുക്കം രാഷ്ട്രീയ നേതാക്കളിൽ ഒരാൾ. അതുകൊണ്ടു തന്നെ ഈ ഭൂമിയിൽ നിന്നും മാഞ്ഞാലും ജനമനസ്സിൽ എന്നും ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കും. കേരളത്തിന്റെ വികസന നേട്ടങ്ങൾക്ക് ഉമ്മൻ ചാണ്ടിയുടെ സംഭാവനകൾ ചെറുതല്ല. കേരളം എന്നും "നമ്പർ 1" ആയിരിക്കണമെന്നത് കുഞ്ഞൂഞ്ഞിന് നിർബന്ധമായിരുന്നു. അതിനായി കേരളമെന്ന കുഞ്ഞു സംസ്ഥാനത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്ന പദ്ധതികളെല്ലാം കൊണ്ടുവന്നു.

വികസനം മാത്രമല്ല ജനക്ഷേമത്തിനും അദ്ദേഹത്തിന്റെ ഭരണകാലയളവിൽ ഊന്നൽ നൽകി. ചുമട്ടു തൊഴിലാളികൾക്കായുള്ള ക്ഷേമനിധി നിയമം മുതൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി രൂപവൽക്കരിച്ച സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റിയും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നടപ്പിലാക്കിയ സുപ്രധാനമായ ക്ഷേമ പദ്ധതികളിൽ ഉൾപ്പെടും. 1911ലാണ് കേരളത്തിൽ വിഴിഞ്ഞം പദ്ധതി അവതരിപ്പിക്കുന്നത്. എന്നാൽ അതിനുപിന്നാലെ എത്തിയ പ്രശ്നങ്ങളും വിവാദങ്ങളും അതിനെ പ്രവർത്തികമാക്കുന്നതിൽ നിന്നും തളർത്തി.

വർഷങ്ങളോളം ആരാരും തിരിഞ്ഞു നോക്കാതെ കിടന്ന വിഴിഞ്ഞം പദ്ധതിക്ക് പിന്നീട് പുതുജീവൻ ലഭിക്കുന്നത് 2011 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോഴാണ്. കേന്ദ്ര സർക്കാറില്‍ അദ്ദേഹം തുടർച്ചയായി നടത്തിയ സമ്മർദ്ദങ്ങൾക്കൊടുവിലാണ് 2015 ല്‍ വിഴിഞ്ഞം തുറമുഖ നിർമ്മാണം വീണ്ടും ആരംഭിക്കുന്നത്. അന്ന് ഉമ്മന്‍ചാണ്ടിക്ക് പ്രതിപക്ഷമായ സിപിഎമ്മില്‍ നിന്ന് മാത്രമല്ല സ്വന്തം പാർട്ടിയായ കോണ്‍ഗ്രസില്‍ നിന്ന് വരെ ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു.കേരളത്തിന്റെ മുഖ മുദ്രയായി മാറിയ കൊച്ചി മെട്രോയുടെ നിർമ്മാണത്തിന് 2012 തുടക്കമിട്ടത് ഉമ്മൻചാണ്ടിയുടെ കാലത്തായിരുന്നു. ഡിഎംആർസിക്ക് 2013 ല്‍ നിർമ്മാണ ചുതല നല്‍കിയെങ്കിലും 2017 ലായിരുന്നു ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ട സർവീസ് തുടങ്ങിയത്. അപ്പോഴേക്കും ഉമ്മന്‍ചാണ്ടി അധികാരത്തില്‍ നിന്നും ഇറങ്ങി പിണറായി വിജയന്‍ സർക്കാർ അധികാരമേറ്റിരുന്നു. കേരളത്തിന്റെ സർക്കാർ മെഡിക്കൽ കോളേജ് സംവിധാനം അന്ന് വെറും അഞ്ചു ജില്ലകളിൽ മാത്രമാണ് ഉണ്ടായിരുന്നത്.

ALSO READ: അതിവേ​ഗം ബഹുദൂരം; ജനങ്ങളുടെ പരാതി കേൾക്കാൻ ജനസമ്പർക്കം; ഊണും ഉറക്കവുമില്ലാത്ത ആ രാവുപകലുകൾ ഇനിയില്ല

അത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത് ഉമ്മൻ ചാണ്ടിയാണ്. 8 മെഡിക്കൽ കോളജുകൾ നിർമ്മിക്കാനായിരുന്നു സർക്കാർ പദ്ധതി. അതിൽ ആദ്യത്തേത്ത്  2013ൽ മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു. മൂന്ന് പതിറ്റാണ്ടിനിപ്പുറം കേരളത്തില്‍ സ്ഥാപിതമാവുന്ന ആദ്യ മെഡിക്കല്‍ കോളേജായിരുന്നു അത്. തുടർന്ന് മറ്റ് പല ജില്ലകളിലും മെഡിക്കല്‍ കോളേജ് സ്ഥാപിക്കപ്പെട്ടു. കണ്ണൂർ വിമാനത്താവളം പദ്ധതിക്കുള്ള ആലോചനകള്‍ തുടങ്ങുന്നത് 1997 ലാണ്. പക്ഷെ 2008ൽ ആണ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നത്. എന്നാൽ 2014ല് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആണ് പദ്ധതിയുടെ നിർമ്മാണം തുടങ്ങുന്നത്. 2016 ൽ പരീക്ഷണാർഥം എയർഫോഴ്സിന്റെ ആദ്യവിമാനം വിമാനത്താവളത്തിലിറക്കി. പിന്നീട് പിണറായി വിജയന്റെ അധികാര കാലത്ത് 2018 ഡിസംബറിൽ നിർമാണം പൂർത്തിയാക്കി ഔദ്യോഗിക സർവീസുകൾ തുടങ്ങി. കേരളത്തിലെ ദീർഘകാലം മുടങ്ങിക്കിടന്ന ദേശീയ പാത ബൈപ്പാസുകളുടെ നിർമ്മാണത്തിന് പുതുജീവന്‍ വെച്ചത് ഉമ്മന്‍ചാണ്ടി അധികാരത്തിലിരിക്കേയാണ്.

സംസ്ഥാന സർക്കാർ ചെലവിന്റെ 50% സംസ്ഥാനം വഹിക്കാമെന്ന തീരുമാനമാണ് അതിൽ നിർണ്ണായകമായി മാറിയത്.ഇതോടെ കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം (കഴക്കൂട്ടം-മുക്കോല) ബൈപാസുകളുടെ നിർമാണം പുനരാരംഭിച്ചു. എന്‍.സി.ഐ. നിയമനം, ആരോഗ്യ ഇന്‍ഷുറന്‍സ്, ഒരു രൂപയ്ക്ക് അരി തുടങ്ങിയ ജനകീയവും ജനപ്രിയവുമായ ഒട്ടേറെ പദ്ധതികളും ഉമ്മന്‍ചാണ്ടിയുടെ ഭരണകാലയളവില്‍ നിലവില്‍ വന്നു.കേരളത്തിലെ യുവതലമുറയുടെ എക്കാലത്തും ഭീഷണിയായി കൊണ്ടിരിക്കുന്ന തൊഴിലില്ലായമയ്ക്ക് പരിഹാരമെന്നോണം വിശാലമായ തൊഴിലവസരങ്ങളൊരുക്കി സ്മാർട്ട് സിറ്റി പദ്ധതി ഒന്നാം ഘട്ടം പൂർത്തീകരണത്തിലേയ്ക്കു നയിച്ചതിലും ഉമ്മന്‍ചാണ്ടിയുടെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നു. 2001-ലെ ആന്റണി സര്‍ക്കാരില്‍ വ്യവസായവകുപ്പു മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സ്മാര്‍ട്ട് സിറ്റിയുടെ രൂപരേഖ തയ്യാറാകുന്നത്. ഉമ്മന്‍ ചാണ്ടി കെ. കരുണാകരന്‍ സര്‍ക്കാരില്‍  തൊഴില്‍വകുപ്പു മന്ത്രിയായിരിക്കുമ്പോഴാണ് സംസ്ഥാനത്ത് ആദ്യമായി യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാനുള്ള തീരുമാനം ഉണ്ടാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News