Oommen Chandy: പുതുപ്പള്ളിക്കാർക്ക് കൊടുത്ത വാക്ക്; ഇനി എല്ലാ ഞായറാഴ്ചയും വരാൻ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ഇല്ല
Oommen Chandy passed away: തുടർച്ചയായി 12 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പുതുപ്പള്ളിയിൽനിന്ന്. നാല് തവണ മന്ത്രിയും രണ്ടുതവണ മുഖ്യമന്ത്രിയുമായി അദ്ദേഹം.
പുതുപ്പള്ളിക്കാരുടെ ഹൃദയത്തിൽ ജീവിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. അത്രമേൽ അവർ ഹൃദയത്തോട് ചേർത്തുവെച്ച നേതാവായിരുന്നു അദ്ദേഹം. അഞ്ച് പതിറ്റാണ്ട് നിയമസഭയിൽ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ചു ഉമ്മൻചാണ്ടി. നാല് തവണ മന്ത്രിയും രണ്ടുതവണ മുഖ്യമന്ത്രിയുമായി അദ്ദേഹം. തുടർച്ചയായി 12 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പുതുപ്പള്ളിയിൽനിന്ന്.
രാഷ്ട്രീയ ജീവിതത്തിലെ അദ്ദേഹത്തിന്റെ ജനകീയതയ്ക്ക് അവസാനിക്കാത്ത കഥകളുണ്ട് പറയാൻ. 1970 മുതൽ 2021 വരെയുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികള്‍ മാറി മാറി വന്നു. ഉമ്മന്‍ചാണ്ടി എന്നല്ലാതെ മറ്റൊരു പേര് പുതുപ്പള്ളിക്കാരുടെ മനസ്സിനെ തൊട്ടില്ല. പുതുപ്പള്ളിയല്ലാതൊരു മണ്ഡലത്തെക്കുറിച്ച് ഉമ്മൻചാണ്ടിയും ചിന്തിച്ചിരുന്നില്ല.
എല്ലാ ഞായറാഴ്ചയും താൻ പുതുപ്പള്ളിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം അവർക്ക് നൽകിയ വാക്കായിരുന്നു. ഏതു സമയത്തും എന്ത് ആവശ്യത്തിനും പുതുപ്പള്ളിക്കാര്‍ക്ക് അദ്ദേഹത്തിന്റെ അടുത്തെത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ലോകത്തിന്റെ ഏത് കോണിൽ പോയാലും ഞായറാഴ്ച കാരോട്ട് വള്ളക്കാലിലെ വീട്ടില്‍ അദ്ദേഹം ഉണ്ടാകുമെന്നും തങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും പുതുപ്പള്ളിക്കാർ വിശ്വസിച്ചു.
തിരുവനന്തപുരത്ത് വീട് വെച്ചപ്പോഴും ‘പുതുപ്പള്ളി ഹൗസ്’ എന്നായിരുന്നു അദ്ദേഹം പേര് നൽകിയത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഞായറാഴ്ചകളില്‍ പുതുപ്പള്ളിയിലെ വീട്ടിലെത്തി. ജനങ്ങൾക്കൊപ്പം നിന്ന് അവരിലൊരാളായി അവർക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. പുതുപ്പളളിക്കാര്‍ക്കൊപ്പം പുതുപ്പള്ളി പുണ്യാളനും തനിക്കൊപ്പമുണ്ടെന്ന വിശ്വാസമായിരുന്നു പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...