മുക്കം: തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആസിമിന്‍റെ തുറന്ന കത്ത്. ഇതൊരു സാധാരണ കത്തല്ല. വൈകല്യങ്ങളോട് പൊരുതി ആസിം എന്ന വിദ്യാര്‍ത്ഥി കാല്‍ കൊണ്ടെഴുതിയ കത്താണ്. ഓമശേരി ഗ്രാമപഞ്ചായത്തിലെ വെളിമണ്ണ ജി.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ആസിം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുകൈകളും ഇല്ലാതെയാണ് മുഹമ്മദ് ആസിമിന്‍റെ ജനനം. കാലുകള്‍ക്കാണെങ്കില്‍ സ്വാധീനക്കുറവുമുണ്ട്. ഈ വൈകല്യങ്ങളോടൊക്കെ പൊരുതിയാണ് ആസിം ഏഴാം ക്ലാസ് വരെ പഠിച്ചത്. പിതാവ് മുഹമ്മദ് ഷഹീദ് യമാനിയും മാതാവ് ജാസ്മിനും തോളിലേറ്റിയാണ് ആസിമിനെ സ്കൂളില്‍ എത്തിക്കുന്നത്. 


വീടിന്‍റെ 300 മീറ്റർ മാറിയാണ് വെളിമണ്ണ ജി.എം സ്കൂൾ. ഈ സ്കൂളും ആസിമും വളര്‍ന്നത് ഒരുമിച്ചാണെന്ന് പറയാം. കാരണം എല്‍.പി സ്കൂള്‍ ആയിരുന്ന വെളിമണ്ണ സ്കൂൾ യു.പി സ്കൂള്‍ ആയി ഉയര്‍ന്നതിന് പിന്നില്‍ ആസിമിന്‍റെ അഭ്യര്‍ത്ഥനയുമുണ്ട്. ആസിമിന്‍റെ പ്രത്യേക അവസ്ഥ പരിഗണിച്ച അന്നത്തെ മുഖ്യമന്ത്രി വെളിമണ്ണ സ്കൂൾ യു.പി സ്കൂളായി ഉയര്‍ത്തുകയായിരുന്നു. 


ആസിം പിതാവ് ഷഹീദിനൊപ്പം

മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ആസിം ആധിയിലാണ്. ഈ വർഷം കൂടി കഴിഞ്ഞാൽ, ഹൈസ്കൂളില്‍  പഠിക്കണമെങ്കിൽ 6 കിലോമീറ്റർ ദൂരം യാത്ര ചെയ്യണം. ആസിമിന് അത് അസാധ്യമാണ്. അതുകൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയനും ആസിം കത്തെഴുതിയിരിക്കുകയാണ്. തന്‍റെ സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. 


ആസിമിന്‍റെ ഈ ആഗ്രഹത്തിന് എല്ലാ പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ട്. വെളിമണ്ണ സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നതിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ഇപ്പോൾ സ്കൂളിലുണ്ടെന്ന് പി.ടി.എ പ്രസിഡന്‍റ് പറഞ്ഞു. "17 ക്ലാസ് മുറികൾ ഉള്ള സ്കൂളിൽ നാല് പുതിയ ക്ലാസ് മുറികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സ്കൂളിനായി ഒരു ജനകീയ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. പ്രവാസി ഓൾഡ് സ്റ്റുഡൻസ്, സ്കൂൾ അപ്ഗ്രഡേഷൻ കമ്മറ്റി എന്നീ രണ്ട് വാട്സ് അപ്പ് കൂട്ടായ്മകളും കർമനിരതരായി രംഗത്തുണ്ട്," പി.ടി.എ പ്രസിഡന്‍റ് വ്യക്തമാക്കി. 


സ്കൂൾ ഹൈസ്കൂളായി ഉയർത്തുകയാണങ്കിൽ സ്ഥലം ഏറ്റെടുത്ത് നൽകുന്നതിനും നാട്ടുകാർ ഒരുക്കമാണ്. എല്ലാവർക്കും പഠിക്കാൻ അവസരം നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാർ തന്‍റെ അപേക്ഷ പരിഗണിക്കുമെന്ന് തന്നെയാണ് ആസിമിന്‍റെ വിശ്വാസം.


ആസിമിന്‍റെ കത്ത്: 
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്ക്. 


പഠിച്ച് ഉയരങ്ങളിലെത്താൻ എന്നെ സഹായിക്കണം സാർ. ഞാൻ ജന്മനാ ഇരു കൈകളുമില്ലാത്തവനാണ് സാർ. എന്റെ കാലിനും വൈകല്യങ്ങളുണ്ട്. എനിക്ക് സ്വന്തമായി സ്കൂളിൽ പോവാനോ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനോ കഴിയില്ല. എനിക്ക് ഭക്ഷണം തരാനും പ്രാഥമിക കാര്യങ്ങൾ ചെയ്ത് തരാനും ദിവസവും പല പ്രാവശ്യം  എന്‍റെ രക്ഷിതാക്കൾ സ്കൂളിൽ എത്തിയേ തീരൂ.  


എന്‍റെ പ്രയാസം മനസ്സിലാക്കി ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടർപഠനത്തിന് വേണ്ടി സർക്കാർ എൽ.പി. സ്കൂൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്ത് തന്നിരുന്നു. അതിനാൽ എനിക്ക് 7-ാം ക്ലാസ്സ് വരെ പഠിക്കാൻ സാധിച്ചു. 8-ാം ക്ലാസ്സിൽ പഠിക്കാനുള്ള സൗകര്യം യു.പി. സ്കൂളായ ഈ വിദ്യാലയത്തിലില്ല. 6 കിലോമീറ്ററിൽ അധികം യാത്ര ചെയ്ത് അടുത്തുള്ള ഹൈസ്കൂളിലേക്ക് പോകാൻ എനിക്ക് സാധ്യവുമല്ല. പഠിച്ച് ഉയരണമെന്നുള്ള എന്‍റെ മോഹം അസ്തമിക്കുകയും ചെയ്യും. അതുകൊണ്ട് എന്‍റെ ഈ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തണം സർ. 


എന്‍റെ ഈ സങ്കടം മുഖ്യമന്ത്രിയിലേക്കെത്തിച്ച് എന്‍റെയും നാട്ടുകാരുടേയും ചിരകാല സ്വപ്നം പൂവണിയാൻ ബഹുമാനപ്പെട്ട കോടതി, വക്കീലന്മാർ, നിയമപാലകർ, പത്രപ്രവർത്തകർ, ചാനലുകാർ, നടീ നടന്മാർ, ഭിന്നശേഷിക്കാർ, മത, സാമൂഹ്യ, രാഷ്ട്രീയ സംഘടനകൾ, പ്രിയപ്പെട്ട വിദ്യാർത്ഥി വിദ്യാർഥിനികൾ തുടങ്ങി കേരള ജനത ഒന്നടങ്കം ഞങ്ങളുടെ ഒപ്പം ഉണ്ടാവുമെന്ന ശുഭപ്രതീക്ഷയോടെ. 


മുഹമ്മദ് ആസിം
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി
 വെളിമണ്ണ ജി.എം യു.പി സ്കൂള്‍