ഓപ്പറേഷൻ ഫോക്കസ് 3; കേസെടുത്തത് 4472 വാഹനങ്ങൾക്കെതിരെ; രൂപമാറ്റം വരുത്തിയ 253 വാഹനങ്ങൾ പിടിച്ചെടുത്തു; 75 ലക്ഷം പിഴ ചുമത്തി
108 വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വിവിധ നിയമലംഘനങ്ങളുടെ ഭാഗമായി 75 ലക്ഷത്തോളം രൂപ പിഴ ചുമത്തി.
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മോട്ടോർ വാഹന വകുപ്പ് നിയമലംഘനങ്ങൾ കണ്ടെത്തുന്ന വാഹനങ്ങൾക്കെതിരെയെടുക്കുന്ന നടപടികൾ തുടരുന്നു. ഓപ്പറേഷൻ ഫോക്കസ് 3 ശക്തമായി നടപ്പിലാക്കിയതോടെ 4472 വാഹനങ്ങൾക്ക് പിടിവിണു. 253 വാഹനങ്ങൾ രൂപമാറ്റം വരുത്തിയതിന് പിടിച്ചെടുത്തു. 108 വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വിവിധ നിയമലംഘനങ്ങളുടെ ഭാഗമായി 75 ലക്ഷത്തോളം രൂപ പിഴ ചുമത്തി.
ഒക്ടോബർ എട്ടിന് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ് അഞ്ചുദിവസം പിന്നിടുമ്പോഴാണ് 4472 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയെടുത്തത്. ജില്ലാടിസ്ഥാനത്തിൽ ടൂറിസ്റ്റ് ബസുകൾ, സ്വകാര്യ ബസുകൾ, മറ്റു വാഹനങ്ങൾ തുടങ്ങിയവയിൽ നടത്തുന്ന പരിശോധനകൾ തുടരുകയാണ്. 414 വാഹനങ്ങളിലെ സ്പീഡ് ഗവർണറുകളിൽ രൂപമാറ്റം വരുത്തിയതായും 792 വാഹനങ്ങളിൽ അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചതായും പരിശോധനകളിൽ കണ്ടെത്തി. 263 വാഹനങ്ങളുടെ ഫിറ്റ്നെസും 7 വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കി. വിവിധ നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് 75,73,020 രൂപ പിഴ ചുമത്തിയെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു.
വടക്കാഞ്ചേരി ബസ്സപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നിയമലംഘനങ്ങളിൽ കണ്ടെത്തുന്നതിനായുള്ള ഫോക്കസ് 3 പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ച് മാത്രം നടത്തിയിരുന്ന പരിശോധനകൾ പിന്നീട് സ്വകാര്യ ബസ്സുകളിലേക്ക് ഉൾപ്പെടെ നീട്ടുകയായിരുന്നു.
അതേസമയം, നിയമലംഘനം നടത്തുന്ന ബസുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. നിയമവിരുദ്ധ ശബ്ദ സംവിധാനങ്ങളുള്ള വാഹനങ്ങളിൽ വിനോദയാത്ര നടത്തിയാൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്കെതിരെയും നടപടിയെടുക്കും. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ, ഗ്രാഫിക്സ് സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേർക്കലുകൾ എന്നിവ നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാനാണ് നിർദ്ദേശം. ഇതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയത്.
അതിനിടെ, ടൂറിസ്റ്റ് ബസ്സുകളിൽ യൂണിഫോം കളര്‍കോഡ് ഉടന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം വന്നതിന് പിന്നാലെ ഇതിൽ ഇളവു വേണമെന്ന് ഗതാഗതമന്ത്രിയെക്കണ്ട് ബസ്സുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹൈക്കോടതി ഉടനടി ഇത് നടപ്പിലാക്കാൻ നിർദ്ദേശിച്ച പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസ്സുടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു. സർക്കാർ നിർദേശത്തിനെതിരെ ടൂറിസ്റ്റ് ബസ്സുടമകളുടെ സംഘടനകൾ ഗതാഗത കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ചും നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...