Kerala Budget 2021: ബജറ്റ് അവതരണത്തിൽ രാഷ്ട്രീയം കുത്തിനിറച്ചു; കണക്കുകളിൽ അവ്യക്തതയെന്നും വിഡി സതീശൻ
പുത്തരിക്കണ്ടം മൈതാനിയിൽ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ പ്രസംഗിച്ചു. ബജറ്റിന്റെ ആദ്യ ഭാഗം ശരിയായ രാഷ്ട്രീയ പ്രസംഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ (Kerala Budget 2021) വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). നയപ്രഖ്യാപന പ്രസംഗത്തിൽ പറയേണ്ടത് ബജറ്റിലും ബജറ്റിൽ പറയേണ്ടത് നയപ്രഖ്യാപന പ്രസംഗത്തിലുമാണ് ഈ സർക്കാർ പറയുന്നത്. ഇപ്പോൾ നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗം കൂടിയായി മാറിയിരിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു.
പുത്തരിക്കണ്ടം മൈതാനിയിൽ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ പ്രസംഗിച്ചു. ബജറ്റിന്റെ ആദ്യ ഭാഗം ശരിയായ രാഷ്ട്രീയ പ്രസംഗമാണ്. ഭരണഘടനയനുസരിച്ച് ആനുവൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റാണ് ബജറ്റ്. അതിന്റെ പവിത്രത തകർക്കുന്ന രീതിയിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അവ്യക്തത വളരെ വ്യക്തമാണെന്നും വിഡി സതീശൻ പറഞ്ഞു.
അധിക ചിലവ് 1,725 കോടി രൂപയാണെന്നാണ് പറയുന്നത്. 20,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് (Stimulus package) പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചിലവല്ലേയെന്ന് വിഡി സതീശൻ ചോദിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച അധിക ചിവല് എന്ന കണക്കിൽ പുതുക്കിയ എസ്റ്റിമേറ്റിൽ കാണിച്ചിരിക്കുന്നത് 1,715 കോടി രൂപ മാത്രമാണ്. കുടിശിക കൊടുത്ത് തീർക്കൽ സർക്കാരിന്റെ ബാധ്യതയാണ്. അതെങ്ങനെയാണ് ഉത്തേജക പാക്കേജ് ആയതെന്ന് അത്ഭുതപ്പെടുന്നു. ബജറ്റിലെ എസ്റ്റിമേറ്റ് അടിസ്ഥാനമില്ലാത്തതാണ്. ബാക്കി രാഷ്ട്രീയ പ്രസംഗം മാത്രമാണ്.
ബജറ്റിന്റെ എസ്റ്റിമേറ്റിൽ (Budget estimate) 20,000 കോടി രൂപ ഇല്ല. അതുകൂടി ഉണ്ടായിരുന്നെങ്കിൽ 21,715 കോടി രൂപ അധിക ചിലവ് ആയേനെയെന്നും വിഡി സതീശൻ വ്യക്തമാക്കി. 36,000 കോടി രൂപ റവന്യൂ കമ്മി ആകേണ്ടതാണ്. 8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തുമെന്ന് പറയുന്നത് കാപട്യമാണെന്നും വിഡി സതീശൻ ആരോപിച്ചു. 5000 കോടി ബാക്കിവച്ചിട്ടാണ് പോയതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. എന്നാൽ അതേക്കുറിച്ച് ബജറ്റിൽ സൂചനയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...