കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചാണ്. മമ്മൂട്ടിയുടെ പുതിയ സിനിമ 'പുഴു'വിന്റെ ഒടിടി റിലീസ് ആണ് വരുന്നത്. ഇതിന് മുന്നോടിയായി മമ്മൂട്ടി നല്‍കിയ ചില അഭിമുഖങ്ങളാണ് ചര്‍ച്ചകള്‍ക്ക് ആധാരം.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയെ കുറിച്ചുള്ള മമ്മൂട്ടിയുടെ കാഴ്ചപ്പാടുകളും പ്രതികരണങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മമ്മൂട്ടിയെ സിനിമയെ കാണുമ്പോള്‍, മുമ്പ് മോഹന്‍ലാല്‍ പറഞ്ഞ പിന്തിരിപ്പന്‍ അഭിപ്രായങ്ങള്‍ ചര്‍ച്ചയായില്ലെങ്കിലേ അത്ഭുതമുള്ളു. സിനിമയുടെ കാര്യത്തില്‍ മമ്മൂട്ടി എത്രത്തോളം അപ്‌ഡേറ്റഡ് ആണെന്നും മോഹന്‍ലാല്‍ എത്രത്തോളം തിരിഞ്ഞു നില്‍ക്കുന്നു എന്നും ചേരിതിരിഞ്ഞ് അഭിപ്രായ പ്രകടനങ്ങളുണ്ടായി.


എന്തായാലും ഈ അഭിമുഖങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌കോര്‍ ചെയ്തത് മമ്മൂട്ടി തന്നെ ആയിരുന്നു. ഭീഷ്മപര്‍വ്വത്തിന്റെ വന്‍ വിജയവും സിബിഐ5 ന്റെ തരക്കേടില്ലാത്ത പ്രകടനവും ഒക്കെയായി മമ്മൂട്ടി വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുകയും ആണ്. മോഹന്‍ലാല്‍ ആണെങ്കില്‍ മരയ്ക്കാറിനും ആറാട്ടിനും കിട്ടിയ കടുത്ത വിമര്‍ശനങ്ങളുടെ കരിനിഴലിലും.


Read Also: മമ്മൂട്ടിയുടെ പുഴു പറഞ്ഞതിലും നേരത്തെ എത്തി; സോണി ലിവിൽ പ്രദർശനം തുടങ്ങി


മമ്മൂട്ടിയുടെ അഭിമുഖങ്ങള്‍ക്ക് ആദ്യ ദിവസങ്ങളില്‍ കിട്ടി പോന്ന അഭിനന്ദന പ്രവാഹം, പിന്നീട് കുറഞ്ഞുവരുന്നതാണ് കണ്ടത്. മമ്മൂട്ടിയുടെ സംഭാഷണം കേള്‍ക്കാന്‍ രസകരമായിരുന്നെങ്കിലും പ്രധാന വിഷയങ്ങളില്‍ ഒന്നും അഭിപ്രായം പറയാതെ അഴകൊഴമ്പന്‍ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് ഉയരുന്ന വിമര്‍ശനം. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെ കുറിച്ചും മൈക്രോ പൊളിറ്റിക്‌സിനെ കുറിച്ചും വനിതാ ഡയറക്ടറെ കുറിച്ചും ഒക്കെയുള്ള ചോദ്യങ്ങളോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ തന്നെയാണ് ഇങ്ങനെ ഒരു വിമര്‍ശനത്തിന് ആധാരം. 


മലയാള സിനിമ, വലിയ ഒരു വഴിത്തിരിവില്‍ എത്തി നില്‍ക്കുന്ന കാലഘട്ടമാണിത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങളിലാണ് ഇത് പരുവപ്പെട്ടുവരുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും മീ ടു ആരോപണങ്ങളും എല്ലാം ചേര്‍ന്ന് കലുഷിതമാണ് അന്തരീക്ഷം. എന്നാല്‍, ഇത്തരത്തില്‍ കനപ്പെട്ട, ഗൗരവം അര്‍ഹിക്കുന്ന വിഷയങ്ങളില്‍ ഒന്നും തന്നെ മമ്മൂട്ടിയുടേതായി ഒരു പ്രതികരണം പോലും വന്നില്ല. അത്തരം ചോദ്യങ്ങളിലേക്ക് പോലും അഭിമുഖങ്ങള്‍ എത്തിയില്ല എന്ന് വേണം കരുതാന്‍. 


ഇത്തരം വിഷയങ്ങളില്‍ മോഹന്‍ലാലും ഏതാണ്ട് ഇങ്ങനെ തന്നെയാണ്. ഒരു പ്രതികരണവും ഉണ്ടാകാറില്ല. അല്ലെങ്കില്‍, നടത്തുന്ന പ്രതികരണങ്ങള്‍ പിന്തിരിപ്പന്‍ ആയി വിലയിരുത്തപ്പെടുകയും ചെയ്യും. 


ലോകത്ത് കലാകാരന്‍മാര്‍ രാഷ്ട്രീയം ശക്തമായി വെളിപ്പെടുത്തുന്ന കാലഘട്ടത്തിലാണ് മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ അത്തരം ഒരു രാഷ്ട്രീയവും പറയാതെ അഴകൊഴമ്പന്‍ ഡിപ്ലോമസിയും തമാശകളും സേഫ് സോണ്‍ പ്രതികരണങ്ങളുമായി മുന്നോട്ടുപോകുന്നത്. അത് യഥാര്‍ത്ഥത്തില്‍ മുന്നോട്ട് പോക്കല്ല, മറിച്ച് പിറകോട്ടടിയാണെന്നാണ് വിമര്‍ശനം. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ഈ രണ്ട് സൂപ്പര്‍ താരങ്ങളും രാഷ്ട്രീയമായി കേരളത്തെ തോല്‍പിച്ചുകൊണ്ടിരിക്കുകയാണ് എന്നും പറയാം.