കണ്ണൂര്‍: കോൺഗ്രസ് വിമതനായി വിജയിച്ച പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറാ‍യി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥി മുസ് ലിം ലീഗിന്‍റെ സി. സമീറിനെയാണ് വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയത്. പി.കെ രാഗേഷിന് 28ഉം സി. സമീറിന് 27ഉം വോട്ടുകൾ ലഭിച്ചു. ഫലപ്രഖ്യാപനത്തിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് പി.കെ രാഗേഷ് അധികാരമേറ്റു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ രാഗേഷിന്‍റെ രാഷ്ട്രീയ നീക്കങ്ങളില്‍ പെട്ടുലഞ്ഞ കണ്ണൂര്‍ കോപ്പറേഷനില്‍ ഒടുവില്‍ രാഗേഷിനെ ഒപ്പം നിര്‍ത്തി ഭരണ നിയന്ത്രണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കാനുളള  എല്‍ഡിഎഫ് ശ്രമമാണ് വിജയം കണ്ടത്. ഇതിന്‍റെ ഭാഗമായാണ് ഡപ്യൂട്ടി മേയര്‍സ്ഥാനം രാഗേഷിന് നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചത്. ലീഗ് പ്രതിനിധിയായ ഡപ്യൂട്ടി മേയര്‍ സി.സമീറിനെതിരെ രാഗേഷിന്‍റെ പിന്തുണയോടെ കഴിഞ്ഞ 13ന് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. 


അവിശ്വാസ പ്രമേയത്തിലൂടെ ലീഗിന്‍റെ സി. സമീറിനെ പുറത്താക്കി പി.കെ. രാഗേഷിനെ ഡപ്യൂട്ടി മേയറാക്കാനായിരുന്നു എല്‍.ഡി.എഫ് നീക്കം. എന്നാൽ, കോർപറേഷനിൽ ഭൂരിപക്ഷമുള്ള എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിൽ സമീർ രാജി സമർപ്പിക്കുകയായിരുന്നു. യു.ഡി.എഫിന് മേല്‍കൈ ഉണ്ടായിരുന്ന കണ്ണൂര്‍ നഗരസഭയില്‍ നിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യത്തെ ഡെപ്യൂട്ടി മേയര്‍ ആകേണ്ടതില്ലെന്ന തീരുമാനമാണ് രാജിയിലേക്ക് നയിച്ചത്.എന്നാല്‍ പ്രമേയം ചര്‍ച്ചക്ക് വരും മുന്‍പെ സമീര്‍രാജി നല്‍കി.ഇതേ തുടര്‍ന്നാണ് പുതിയ ഡെപ്യൂട്ടി മേയറെ കണ്ടെത്താന്‍ ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. 


57 അംഗ കോര്‍പ്പറേഷനില്‍ ഇരുമുന്നണികള്‍ക്കും 27 സീറ്റ് വീതം ലഭിച്ചതോടെയായിരുന്നു വിമതന്‍ പി.കെ രാഗേഷിന്‍റെ നിലപാട് നിര്‍ണായകമായത്. മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണച്ച രാഗേഷ് ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നതോടെയാണ് നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പ്രതിനിധി ഡപ്യൂട്ടി മേയറായത്.


രാവിലെ 11ന് കോര്‍പറേഷന്‍ കൗണ്‍സില്‍ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ പി. ബാലകിരണിന്‍റെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂർത്തിയാക്കിയത്. 55 അംഗ കോർപറേഷനിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 27 വീതം അംഗങ്ങളാണുള്ളത്. പി.കെ രാഗേഷ് സ്വതന്ത്രനായാണ് തെരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ യുഡിഎഫ് വിമതനായി മത്സരിച്ച രാഗേഷിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.