കൊച്ചി: താരം താണ രാഷ്ട്രീയം കേരളത്തിലേയ്ക്കും!! അടുത്തിടെ കേരളത്തിലെ നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത് ഇതാണ്....


COMMERCIAL BREAK
SCROLL TO CONTINUE READING

സാമുദായിക സമവാക്യങ്ങള്‍ കേരളത്തിലും നിര്‍ണായകമായിരുന്നുവെങ്കിലും ഉത്തരേന്ത്യയില്‍ കാണുന്നതുപോലെ ജാതിയും മതവും പറഞ്ഞ് വോട്ട് തേടുന്ന പ്രവണത ഇതുവരെ കേരളത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ അടുത്തിടെയായി കേരളത്തില്‍ അതും കാണാനായി....


ഇത്തവണയും ലജ്ജാകരമായ പരാമര്‍ശം നടത്തിയിരിക്കുന്നത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിളളയാണ്. പക്ഷെ, ഇത്തവണ കോണ്‍ഗ്രസ് നേതാക്കളല്ല ഇര, മറിച്ച് മുസ്ലീങ്ങള്‍ ആണെന്നുമാത്രം. 


ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍റെ പ്രചാരണ വേദിയിലാണ് ശ്രീധരന്‍ പിളള വര്‍ഗീയത വിളിച്ചോതുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്. 


ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ശ്രീധരന്‍ പിളള മുസ്ലീംകള്‍ക്കെതിരെ തിരിഞ്ഞത്. 'ബാലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്ന ചിലരുണ്ട്. രാഹുല്‍ ഗാന്ധിയും യെച്ചൂരിയും പിണറായി വിജയനുമൊക്കെ ചോദിക്കുന്നത് മരിച്ച്‌ കിടക്കുന്നത് ഏത് ജാതിക്കാരാ മതക്കാരാ എന്നൊക്കെയാണ്. ഇസ്ലാമാണ് എങ്കില്‍ ചില അടയാളങ്ങളുണ്ടല്ലോ.. ഡ്രസ്സൊക്കെ മാറ്റി നോക്കിയാല്‍ അല്ലേ അറിയാന്‍ പറ്റൂ. അങ്ങനെയൊക്കെ ചെയ്തിട്ട് വരണം എന്നാണ് അവര്‍ പറയുന്നത്' ഇതായിരുന്നു പ്രചാരണവേദിയില്‍ ശ്രീധരന്‍ പിളളയുടെ പരാമര്‍ശം.


എന്നാല്‍ ഇതാദ്യമല്ല, ശ്രീധരന്‍ പിളള ഇത്തരത്തില്‍ ലജ്ജാകരമായ പ്രസ്താവനകള്‍ നടത്തുന്നത്. പ്രിയങ്കയെ "യുവതി"യായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ "കബളിപ്പിക്കുന്നുവെന്നാ"യിരുന്നു മുന്‍പ് ഇദ്ദേഹം നടത്തിയ പരാമര്‍ശം. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതൽ പറയുന്നില്ല എന്ന മുഖവുരയോടെയായിരുന്നു ശ്രീധരൻ പിള്ളയുടെ തുടക്കം. പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. എന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു. 


അതേസമയം, ഇസ്ലാം മത വിശ്വാസികളെ അപമാനിക്കുന്ന ബിജെപി അദ്ധ്യക്ഷന്‍റെ വാക്കുകള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.