ചികിത്സിക്കാൻ പണമില്ല; പാലക്കാട് മകനെ കൊന്ന് അച്ഛൻ ജീവനൊടുക്കി
രാവിലെ വീട്ടിലെത്തിയ ബന്ധുക്കൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പാലക്കാട്: പാലക്കാട് മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട് വിത്തനശ്ശേരിയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. കടുത്ത പ്രമേഹബാധിതനായിരുന്നു മുകുന്ദൻ. ഇയാളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ ജീവനൊടുക്കിയത്. രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നെന്മാറ പോലീസ് തുടരന്വേഷണം നടത്തും.
അതേസമയം ലക്കിടി രാജീവ് ഗാന്ധി കോളനിയിൽ ഭാര്യയേയും മകനേയും വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ ഗൃഹനാഥനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ സീനത്ത് മകൻ ഫെബിൻ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് നസീറിനെ പോലീസ് അറസ്റ്റു ചെയ്തത്. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്നാണ് നസീർ ഇവരെ ആക്രമിച്ചത് എന്നാണ് കേസ്.
Also Read: Crime: ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നു; അച്ഛൻ പിടിയിൽ
മകനെ വെട്ടുന്നതു കണ്ടു തടയാൻ ശ്രമിച്ച സീനത്തിനും വെട്ടേൽക്കുകയായിരുന്നു. രാജീവ് ഗാന്ധി കോളനിയിലെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. സീനത്തും മകനും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സീനത്ത് നസീറിന്റെ രണ്ടാം ഭാര്യയാണ്. പോലീസ് അറസ്റ്റു ചെയ്‌ത നസീറിനെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് ഒറ്റപ്പാലം പോലീസ് അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...