Palakkad Rss Worker Murder| മൂന്ന് പേർ കസ്റ്റഡിയിൽ, സഞ്ജിത്തിൻറെ കൊലയ്ക്ക് പിന്നിലെ പ്രതികൾ?
നിരവധി എസ്.ഡി.പി.ഐ പ്രവർത്തകരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരിലേക്ക് എത്തിയതെന്നാണ് സൂചന.
പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശി തന്നെയായ സുബൈർ, നെന്മാറ സ്വദേശി സലാം, ഇസ്ഹാക്ക് എന്നിവരാണ് പോലീസിൻറെ കസ്റ്റഡിയിൽ ഉള്ളത്.
ഇതിൽ സുബൈർ കോട്ടയം മുണ്ടക്കയത്ത് ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. പിടിയിലായവർ സുബൈറിനൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നാണ് സൂചന. നിരവധി എസ്.ഡി.പി.ഐ പ്രവർത്തകരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരിലേക്ക് എത്തിയതെന്നാണ് സൂചന.
പാലക്കാട് എസ്.പിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പിമാരും സി.ഐമാരും അടങ്ങുന്ന 34 അംഗ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കസ്റ്റിഡിയിലുള്ളവർക്ക് കൊലയുമായുള്ള പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ 15നായിരുന്നു ഭാര്യയുമായി പോവുകയായിരുന്ന സഞ്ജിത്തിനെ ബൈക്ക് തടഞ്ഞ് നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെയായിരുന്നു സംഭവം. തുടർന്ന് കാറിൽ കടന്നു കളഞ്ഞ പ്രതികളെ പറ്റി ഒരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് അക്രമി സംഘം സഞ്ചരിച്ചിരുന്ന വണ്ടിയെന്ന് സൂചനയുള്ള മാരുതിക്കാറിൻറെ ചിത്രവും പോലീസ് പുറത്ത് വിട്ടിരുന്നു.
കേസിൽ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് ബി.ജെ.പിയും അതിനിടയിൽ രംഗത്ത് വന്നിരുന്നു. കേസ് എൻ.ഐ.എ ഏൽപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്ത് വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...