പാലത്തായി പീഡനം: IG എസ് ശ്രീജിത്തിനെതിരെ ബാലാവകാശ കമ്മീഷന് പരാതി
കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ത്ഥിയായ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈബ്രാഞ്ച് IG എസ് ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി..
തിരുവനന്തപുരം: കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ത്ഥിയായ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈബ്രാഞ്ച് IG എസ് ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി..
വിമന്‍ ഇന്ത്യാ മൂവ്‌മെന്‍റ് സംസ്ഥാന അദ്ധ്യക്ഷ കെ.കെ റൈഹാനത്ത് ആണ് പരാതി നല്‍കിയത്.
കേസ് അട്ടിമറിക്കാനുമുള്ള ശ്രമമാണ് IG എസ് ശ്രീജിത്ത് നടത്തിയിരിയ്ക്കുന്നത് എന്നും അപരിചിതനായ ഒരാൾക്ക് ഫോൺ സന്ദേശത്തിലൂടെ പെണ്‍കുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴി അടക്കമുള്ള കേസിന്‍റെ വിവരങ്ങൾ മുഴുവനും കൈമാറുന്നത് വ്യക്തമായ നിയമ ലംഘനമാണ് എന്നും വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് പറഞ്ഞു.
പ്രതിയെ സഹായിക്കുന്നതിന് കേസില്‍ ഇരയുടെ മൊഴി അവഗണിച്ച് POCSO ചുമത്താതെ കുറ്റപത്രം സമര്‍പ്പിച്ചു. അതിനാലാണ് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കേസിന്‍റെ ഏറ്റവും അടിസ്ഥാന രഹസ്യവിവരങ്ങള്‍ ഫോണ്‍ കോളിലൂടെ മറ്റൊരാള്‍ക്ക് കൈമാറി. ശ്രീജിത്തിന്‍റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കപ്പെട്ട ഫോണ്‍ റെക്കോഡ് കൃത്യമായി പ്രതിയെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ പുറത്ത് വിട്ടതാണ്. ഇത് വോയിസ് റെക്കോര്‍ഡി൦ഗിലുടനീളം വ്യക്തമാണ്.
കേസിന്‍റെ രഹസ്യസ്വഭാവത്തിന് വിപരീതമായുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്. അന്വേഷണത്തിന്‍റെ തുടക്കം മുതല്‍ പൊലിസിന് വീഴ്ച നേരിട്ട കേസായിരുന്നിട്ടും ഐ.ജി യാതൊരു ഔദ്യോഗിക ഉത്തരവാദിത്തമോ രഹസ്യസ്വഭാവമോ കണക്കിലെടുക്കാതെയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
POCSO കേസുമായി ബന്ധപ്പെട്ട ഇരയുടെ മൊഴിയും കേസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ വെളിപ്പെടുത്തലുകളും കേസിന്‍റെ തുടര്‍നടത്തിപ്പിലും അന്വേഷണത്തിലും സാരമായി ബാധിക്കുന്ന വിവരങ്ങളാണ് ഐ.ജി പുറത്തുവിട്ടത്. ഇത് ഔദ്യോഗിക കൃത്യവിലോപമാണ്. ഐ.ജി ശ്രീജിത്തിന്‍റെ ഗുരുതരമായ അച്ചടക്കലംഘനത്തിനെതിരെ സത്വര നടപടിയുണ്ടാവണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. തലശേരി POCSO കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് POCSO വകുപ്പ് ചുമത്തിയിരുന്നില്ല. ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.
POCSO ആക്ട് ചുമത്താത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കവെയാണ് ഇന്ന് വൈകിട്ട് തലശേരി POCSO കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്.
സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പ്രതിയി പത്മരാജന്‍ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.