കോട്ടയം: രണ്ടില ചിഹ്നം കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്!! ജോസഫ് - ജോസ് വിഭാഗങ്ങള്‍ നല്‍കിയ പരാതിയിന്‍മേലാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടില ചിഹ്നവും   പാര്‍ട്ടിയുടെ  പേരും ജോസ് കെ മാണിക്കായിരിക്കും.   കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്  ഈ  ഉത്തരവ് പുറപ്പെടുവിച്ചത്. 


ഇതോടെ രണ്ടില ചിഹ്നത്തിന്‍റെ   പേരില്‍  ജോസ്  കെ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും തമ്മില്‍ ഏറെ നാളുകളായി നടന്നു വന്നിരുന്ന  തര്‍ക്കങ്ങള്‍ക്ക് വിരാമമായി.


 അതേസമയം,  ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന്   പി ജെ ജോസഫ് പറഞ്ഞു.


കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷനിലെ 3 അംഗങ്ങളില്‍ രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍  തീരുമാനിച്ചത്.  ജോസഫ് വിഭാഗത്തിന്‍റെ  അവകാശ വാദം തളളിയാണ് കമ്മീഷന്‍റെ  തീരുമാനം.  


ജോസ് കെ.. മാണിയുടെ നേതൃത്വത്തില്‍ ഉള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാനാകുക എന്നാണ് ഭൂരിപക്ഷ വിധി വന്നത്. കമ്മീഷനില്‍ പരാതി പരിഗണിച്ച മൂന്നംഗ സമിതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, സുശീല്‍ ചന്ദ്ര എന്നിവര്‍ രണ്ടില ജോസ് കെ മാണിക്ക് നല്‍കുന്നതിനെ അനുകൂലിച്ചു.  അതോടെ പാര്‍ട്ടിയുടെ രണ്ടിലചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിയെഴുതി. 


കെഎം മാണിയുടെ മരണത്തിന് പിന്നാലെ പാലാ  ഉപതിരഞ്ഞെടുപ്പിലാണ് ചിഹ്നം സംബന്ധിച്ച തര്‍ക്കം  രൂക്ഷമായത്. അന്ന് രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് കെ മാണി വിഭാഗം പാലായില്‍   മത്സരിച്ചത്.


ജോസ് കെ മാണി പക്ഷേ എല്‍.ഡി.എഫിലേക്ക് പോയെക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  പുതിയ തീരുമാനം.  ഇതോടെ എല്ലാ കണ്ണുകളും ഇനി ജോസ് കെ മാണിയിലെയ്ക്കാണ്,  ജോസ് കെ മാണിയുടെ അടുത്ത നീക്കം എന്താണ് എന്നാണ്  ഏവരും ഉറ്റു നോക്കുന്നത്...