പത്തനംതിട്ട: പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. ശ്രീധരൻപിള്ളയ്ക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ 75,000 വോട്ടിന് വിജയിക്കുമെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു. കൂടാതെ, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ എന്‍ഡിഎ വിജയിക്കുമെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകര്‍ ഇതിനായി രംഗത്തിറങ്ങി കഴിഞ്ഞു. കുമ്മനത്തിന്‍റെ ജയം ജനപക്ഷത്തിന്‍റെ വോട്ടുകള്‍കൊണ്ടായിരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.


തിരുവനന്തപുരത്ത് ഇടത്പക്ഷത്തിന് കെട്ടിവെച്ച പണം നഷ്ടപ്പെടുമെന്നതില്‍ യാതൊരു സംശയവും വേണ്ടയെന്നും തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം 100 ശതമാനം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും പി സി ജോര്‍ജ് പറഞ്ഞു. 


പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും കണക്കിലെടുത്താണ് അദ്ദേഹം നേതൃത്വം നല്‍കുന്ന മുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു. 


യുഡിഎഫില്‍ ചേരണമെന്നുള്ളത് തന്‍റെ ആഗ്രഹമായിരുന്നെന്നും എന്നാല്‍ യുഡിഎഫ്. നേതൃത്വം തന്നെ  വഞ്ചിക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം കേരള ജനപക്ഷം സെക്യുലര്‍ ഐകകണ്ഠ്യേനയെടുത്ത തീരുമാനമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. എന്‍ഡിഎ പ്രവേശനത്തിന് പാര്‍ട്ടിയില്‍നിന്ന് ആര്‍ക്കും എതിര്‍പ്പുകളില്ലെന്നും കൊല്ലം ജില്ലയില്‍നിന്നുള്ള ഒരു വ്യക്തി മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു.


എന്‍ഡിഎയില്‍ ചേരുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു പി സി ജോര്‍ജ്. മുന്‍പ് ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച് പി സി ജോര്‍ജ് രംഗത്തുവന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തിയ പി സിയുടെ ചിത്രം വലിയ വാര്‍ത്തയാവുകയും ചെയ്തു. 


പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.