കോട്ടയം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് വനിതാ കമ്മിഷന്‍ കേസ് എടുത്തപ്പോള്‍ മുതല്‍ പെട്ട അവസ്ഥയിലായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോർജ്ജ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എന്തെങ്കിലുമൊക്കെ കൊനിഷ്ടുകളോ വ്യത്യസ്തതകളോ ഒപ്പിക്കുക എന്നത് ഈ പൂഞ്ഞാറുകാരന്‍റെ സ്ഥിരം പരിപാടിയാണ്. ഇപ്രാവശ്യം തന്‍റെ മണ്ഡലത്തിൽ പുതിയതായി നിർമിച്ച റോഡിലൂടെ യാത്രാ ബസ് ഓടിച്ചാണ് എംഎൽഎ വ്യത്യസ്ഥനായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വർഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന എരുമേലി എട്ടാം വാർഡിലാണ് ജോര്‍ജ്ജിന്‍റെ നിർദേശപ്രകാരം റോഡ് നിർമിച്ചത്. റോഡ് വെട്ടിയതോടെ ബസ് റൂട്ടും അനുവദിച്ചു. പക്ഷെ ഉത്ഘാടന ദിവസം ഏവരേയും ഞെട്ടിച്ചുകൊണ്ട് എംഎൽഎ ഡ്രൈവിങ് സീറ്റിലിരുന്നു ബസ് സ്റ്റാര്‍ട്ട്‌ ചെയ്തു. സ്റ്റാര്‍ട്ട്‌ ചെയ്താകും ഉത്ഘാടനം നിര്‍വഹിക്കുക എന്ന് എല്ലാവരും കരുതി. എന്നാല്‍ കണ്ടുനിന്നവരെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ബസ് എംഎല്‍എ തന്നെ എടുത്തു.


'പടച്ചോനെ... ഇങ്ങള് കാത്തോളീ...' എന്ന സിനിമ ഡയലോഗ് മനസ്സില്‍ ഉരുവിട്ട്, ഡ്രൈവിങ് പഠിപ്പിച്ച സകല ആശാൻമാരെയും മനസിൽ ധ്യാനിച്ച് അറിയാവുന്ന രീതിയിൽ വണ്ടി മുന്നോട്ടെടുത്തു. ഇതിനിടയില്‍ കണ്ടുനിന്ന എല്ലാവരോടുമായി കയ്യടിക്കാനും എംഎല്‍എ ആവശ്യപ്പെട്ടു. അങ്ങനെ കയ്യടിയ്ക്കു നടുവിലൂടെ ബസ് ഉരുണ്ടു. 


ഒടുവില്‍ ബസില്‍ നിന്നിറങ്ങാനാണ് എംഎല്‍എ പാടുപെട്ടത്. അവസാനം അണികള്‍ എല്ലാം ചേര്‍ന്ന് ഒരു കസേരയെത്തിച്ചതോടെ കാര്യങ്ങള്‍ക്ക് ശുഭപര്യവസാനമായെങ്കിലും എംഎല്‍എയ്ക്ക് ബസ് ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നോ എന്നൊക്കെയുള്ള വിവാദങ്ങളും പിന്നാലെ ഉണ്ടായേക്കാം.