പമ്പ: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടല്ലോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്, സുപ്രീംകോടതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് പി.സി. ജോര്‍ജ്ജ് എംഎല്‍എ ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണഘടന അനുസരിച്ച് വിശ്വസിക്കാനുള്ള അവകാശം മനുഷ്യനുണ്ട്. അത് ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിക്കെന്ത് അവകാശമെന്നായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിന്‍റെ മറു ചോദ്യം. ശബരിമല പ്രശ്നത്തെകുറിച്ച് ചോദിച്ച റിപ്പബ്ലിക്ക് ചാനലിലെ റിപ്പോര്‍ട്ടറോടാണ് പി.സി.ജോര്‍ജ് മറു ചോദ്യം ചോദിച്ചത്. 


വിശ്വാസം പ്രധാനമാണ് അതില്‍ വിട്ടുവീഴ്ച്ച ചെയ്യില്ല. പിണറായി വിജയന്‍ നാസ്തികനാണ്. അയാള്‍ക്ക് വിശ്വാസപരമായ കാര്യങ്ങളില്‍ താല്പര്യമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ആദ്യം ഇംഗ്ലീഷില്‍ സംസാരിച്ച് തുടങ്ങിയ പി.സി താന്‍ ഇനി മലയാളത്തില്‍ സംസാരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് സംസാരം ആരംഭിച്ചത്. 


പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ അയ്യപ്പന്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ എംഎല്‍എ. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വേണ്ടെന്നാണ് അയ്യപ്പന്‍ പറയുന്നതെന്നും പിന്നെന്തിനാണ് ഇവര്‍ അങ്ങോട്ട് ചെല്ലുന്നതെന്നായിരുന്നു പി.സി.ജോര്‍ജിന്‍റെ ചോദ്യം. 


സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അയ്യപ്പന്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു.