പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം; ജാമ്യാപേക്ഷ വിശദമായ വാദം കേള്‍ക്കാനായി മാറ്റി
മതങ്ങളിലെ ദുരാചാരം ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് പി സി ജോര്‍ജിന്റെ വാദം
പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കാനായി മാറ്റി. ഈ മാസം 26ലേക്ക് ആണ് മാറ്റിയത് . കേസിൽ സര്‍ക്കാര്‍ അഭിഭാഷകന്‍ മുന്നോട്ടുവച്ചിരുന്നത് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന വാദമാണ് . മുസ്ലിം വിഭാഗത്തെ പി സി ജോര്‍ജ് അപകീര്‍ത്തിപ്പെടുത്തിയതായി സര്‍ക്കാര്‍ കോടതിക്കുമുന്നില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മതങ്ങളിലെ ദുരാചാരം ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് പി സി ജോര്‍ജിന്റെ വാദം.
എന്നാൽ കേസിൽ കൊച്ചിയിലേയും തിരുവനന്തപുരത്തേയും വിവാദ പ്രസംഗങ്ങള്‍ കേള്‍ക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും കോടതി തീരുമാനം അറിയിക്കുക. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് കോടതിയെ വരെ പി സി ജോര്‍ജ് വെല്ലുവിളിക്കുകയാണ്. ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുന്‍ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി നാവ് വിഡിയോകളും പ്രോസിക്യൂഷന്‍ കോടതിക്കു നല്‍കിയിരുന്നു.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോള്‍ പി സി ജോർജ് നടത്തിയ പരാമര്‍ശങ്ങളാണ് ആദ്യം വിവാദമായത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും പിസി ജോർജിനെതിരായ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ പറയുന്നു. അതേസമയം കേസിൽ അറസ്റ്റിലായ പി സി മണിക്കൂറുകൾക്കകം കോടതി ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...