തിരുവനന്തപുരം: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തി. അര്‍ബുദം ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാനാണ് കോടതി അദ്ദേഹത്തിന് അനുമതി നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 10.30ന് ബംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ ഭാര്യ സൂഫിയ മദനിയും മക്കളും നിരവധി പാര്‍ട്ടിപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ പ്രത്യേക വാഹനത്തിലാണ് മദനി ശാസ്താംകോട്ടയിലേക്ക് തിരിച്ചത്.


ശാസ്താംകോട്ടയിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ച ശേഷം നവംബർ നാലിന് മടങ്ങും. ബംഗളൂരുവില്‍ നിന്ന് പതിനൊന്ന് അംഗ പൊലീസ് സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന മദനിക്ക് ബംഗളൂരു വിട്ടു പുറത്തു പോകുന്നതിന് വിലക്കുണ്ട്.  


ഇന്ന് ഉച്ചയോടെ ശാസ്താംകോട്ട ഐ.സി.എസിലെ യത്തിംഖാനയിലെത്തുന്ന മദനിയെ പാര്‍ട്ടി പ്രവര്‍ത്തകരും യത്തിംഖാനയിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ഉമ്മയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്ക് പുറപ്പെടുന്ന മദനി അതിനുശേഷം അന്‍വാ‌ര്‍ശേരിയിലെ യത്തിംഖാനയിലും സമീപത്തെ കുടുംബവീടായ തോട്ടുവാല്‍ മന്‍സിലിലുമായാകും കഴിയുക.


അര്‍ബുദം ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ അനുമതി തരണമെന്നായിരുന്നു മദനി സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ 4 വരെ കേരളത്തിലെത്താന്‍ അനുമതി നല്‍കുകയായിരുന്നു.