കഴിഞ്ഞ 2021 ഓഗസ്റ്റ് മുതൽ 2022 ഏപ്രിൽ മാസം വരേയും കണ്ണൂർ പട്ടികജാതി വികസന ഓഫീസിൽ ഗവേഷക വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന ഇ-ഗ്രാന്റ്സുമായി ബന്ധപ്പെട്ട് ഞാൻ നിരന്തരം കയറിയിറങ്ങിയിട്ടുണ്ട്. 14 മാസത്തെ ഇ-ഗ്രാന്റ്സ് തുകയാണ് എനിക്ക് ലഭിക്കാനുള്ളത്. അതായത് 325000 രൂപ!


COMMERCIAL BREAK
SCROLL TO CONTINUE READING

2020 ജനുവരിയിലാണ് ഹൈദരാബാദ് നിന്നും ഉണ്ടായിരുന്ന കണ്ടന്റ് റൈറ്റിങ് ജോലി ഉപേക്ഷിച്ച് ഞാൻ ഗവേഷണം ചെയ്യാനായി കണ്ണൂർ സർവകലാശാലയിലെത്തിയത്. ആ വർഷം ഒക്ടോബർ വരേയും എനിക്ക് ഇ-ഗ്രാന്റ്സ് ലഭിച്ചിട്ടുണ്ട്. അന്നും ഇതുപോലെ നിരന്തരം കയറിയിറങ്ങിയാണ് പണം ലഭിച്ചത് എന്ന് പറയുമ്പോഴാണ് ഇത് ഈ ഓഫീസുകാരുടെ സ്ഥിരം പരിപാടിയാണെന്ന് മനസിലാകുന്നത്. 


അഡ്മിഷൻ സമയത്ത് തന്നെ അപേക്ഷ കൊടുത്തിരുന്നെങ്കിലും കൊറോണ കാരണവും മറ്റും ലഭിക്കേണ്ട സ്കോളർഷിപ്പ് നീണ്ടുപോയി. 2021 മാർച്ച് മാസത്തിലാണ് അന്ന് പണം കൈപറ്റാനായത്. അപേക്ഷ പരിഗണിക്കണമെന്ന് പറഞ്ഞ് മെയിൽ അയച്ചിരുന്നെങ്കിലും അതൊന്നു നോക്കാൻ പോലും ടി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആയത് സഹികെട്ട് ചീത്ത പറഞ്ഞപ്പോൾ മാത്രമാണ്. 


അന്നേ അടുത്ത ഗഡുവിന് അപേക്ഷിക്കുമ്പോൾ ഇങ്ങനെ ഒരു വൈകിക്കൽ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും ഓഫീസ് കയറി ഇറങ്ങുന്നത് കൂടി. ബന്ധപ്പെടേണ്ടുന്നവരെ കുറേയേറെ തവണ ഫോണിലും വിളിച്ചു നോക്കിയിട്ടുണ്ട്.മിക്കവാറും ഓഫീസിലെത്തിയാൽ ഉയർന്ന ഉദ്യോഗസ്ഥനേയോ ഈ-ഗ്രാന്റ്സ് കൈകാര്യം ചെയ്യുന്ന കരാർ ഉദ്യോഗസ്ഥയേയോ കാണാൻ സാധിക്കുമായിരുന്നില്ല. എല്ലായ്പ്പോഴും എന്തെങ്കിലും കാരണമത്താൽ ഇവരെല്ലാം തന്നെ ലീവിലുമായിരുന്നു. 


ഓഗസ്റ്റ് മാസത്തിൽ തന്നെ അപേക്ഷിക്കാൻ നിൽക്കുമ്പോൾ പ്രശ്നമുണ്ട്. അത് മാസങ്ങളോളം നീട്ടിയത് ഈ ഓഫീസിലെ ഉദ്യോഗസ്ഥ സമൂഹമാണ്. തിരുവനന്തപുരത്ത് നിന്ന് മാത്രമേ എന്റെ ഫയൽ നീക്കാൻ സാധിക്കൂ എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതു മുതൽ തിരുവനന്തപുരം ഡയറക്ടറേറ്റിലേക്ക് ഫോൺ വിളിക്കാൻ തുടങ്ങിയതാണ്. ഒരു ദിവസം നൂറിന് മുകളിൽ തവണ വിളിച്ച് നോക്കിയിട്ടും ആരും എടുത്തില്ല. 


ഒന്ന് ഫോൺ അറ്റെൻഡ് ചെയ്യാൻ പോലും മടിയുള്ളവരാണ് ഈ ഓഫീസിലെ ഉദ്യോഗസ്ഥർ. ഒരാൾക്ക് ടി ഓഫീസുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരാതികളും ഉന്നയിക്കാനുണ്ടെങ്കിൽ അത് പിന്നെ ആരോടാണ് ചോദിക്കേണ്ടത്? ഇക്കാര്യം പറയാനായി വീണ്ടും കണ്ണൂർ പട്ടികജാതി വികസന ഓഫീസിലെത്തിയപ്പോൾ തങ്ങൾ രണ്ട് തവണ മെയിൽ അയച്ചിട്ടുണ്ട് തിരുവനന്തപുരത്ത് നിന്ന് ഇതുവരേയും മറുപടി ലഭിച്ചില്ല എന്നതാണ്. അതിനപ്പുറഖം ഈ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ചെയ്യാനൊന്നുമില്ല. ഇനി ചെയ്യുകയുമില്ല. 


എന്നും ഇതേ പല്ലവി തന്നെ ആവർത്തിച്ചതോടെ ആർടിഐ കൊടുക്കാൻ നിർബന്ധിതയായി. ഏപ്രിൽ ആദ്യവാരത്തിൽ തന്നെ കണ്ണൂർ പട്ടികജാതി വികസന ഓഫീസിൽ ആർടിഐ കൊടുത്തു. ഇതുവരേയും മറുപടി ലഭിച്ചിട്ടില്ല. ആർടിഐ കൊണ്ട് കാര്യമില്ലെന്ന് തോന്നി മനുഷ്യാവകാശ കമ്മീഷനിൽ പരാതി കൊടുക്കണമെന്ന് തീരുമാനിച്ചു. അതിനായി മനുഷ്യാവകാശ കമ്മീഷനേയും ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ പട്ടികജാതി കമ്മീഷനിൽ പരാതി ഉന്നയിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു.


എങ്ങനെ പരാതി നൽകണമെന്ന് അറിയാത്തതു കൊണ്ട് കമ്മീഷനിലേക്കും വിളിച്ചു. അപ്പോഴാണ് അറിയുന്നത് ഇ-ഗ്രാന്റ്സ് ലഭിക്കാത്ത ഒരുപാട് വിദ്യാർത്ഥികൾ തിരുവനന്തപുരം പട്ടികജാതി ഡയറക്ടറേറ്റിലേക്ക് വിളിച്ചു കിട്ടാതെ കമ്മീഷനിലേക്ക് പരാതി അറിയിക്കാൻ വിളിക്കുന്നുണ്ടെന്ന്. തങ്ങളുടെ സെക്ഷൻ അല്ലാത്തതു കൊണ്ട് അതിനെ കുറിച്ച് അറിയില്ലെന്ന് സ്ഥിരം മറുപടി പറഞ്ഞു മടുത്തുവെന്ന് ഉദ്യോഗസ്ഥൻ.


 


നിങ്ങൾ ഒരു പരാതി എഴുതി തന്നാൽ തങ്ങൾക്ക് ഇക്കാര്യം ഉയർന്ന തലത്തിൽ അവതരിപ്പിക്കാമെന്നും ഇതുവരേയും ആരും പരാതി തന്നിട്ടില്ലെന്നും അവർ പറഞ്ഞപ്പോൾ അതും ചെയ്തു. സ്പീഡ് പോസ്റ്റായി പരാതി എഴുതി അയച്ചിട്ടുണ്ടെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. 


ഇതിനിടയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പട്ടികജാതി വികസന ക്ഷേമവകുപ്പ് മന്ത്രിക്കും പരാതി മെയിൽ ചെയ്തിരുന്നു. പട്ടികജാതി വികസന ഡയറക്ടർക്കും പരാതി മെയിൽ ചെയ്തിട്ടും അതിന്മേൽ നടപടി എടുക്കുകയോ മറുപടി ലഭിക്കുകയോ ചെയ്തിട്ടില്ല.  അതിനുശേഷമാണ് മന്ത്രിമാരെ ഫോണിൽ വിളിക്കുന്നത്. ആർ. ബിന്ദു മാഡത്തിനെയാണ് ആദ്യം വിളിക്കുന്നത്. ഫോണിൽ അവരെ ലഭിക്കാത്തതിനാൽ രാധാകൃഷ്ണൻ സാറിനെ വിളിച്ചു. ഫോൺ എടുക്കുമെന്ന് വിചാരിച്ചില്ല. പക്ഷേ ആദ്യ കോളിൽ തന്നെ അദ്ദേഹം എടുക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും നോക്കാമെന്ന് മറുപടി പറയുകയും ചെയ്തു. ആ ഒരു ഉറപ്പിന്മേൽ പിന്നേയും നാളുകൾ പോയി. 



സാമ്പത്തിക ഞെരുക്കം കൂടി ൂടി വരുന്നു, ചെയ്യാൻ ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കുന്നില്ല, പേപ്പർ എഴുതണം അങ്ങനെ കുറച്ച് ആഗ്രഹങ്ങളെല്ലാം ആഗ്രഹങ്ങളായി തന്നെ കിടക്കാൻ തുടങ്ങി മാസങ്ങൾ കഴിഞ്ഞപ്പോൾ ഫ്രസ്ട്രേഷൻ കൂടി. സാമ്പത്തിക ഭദ്രത ഇല്ലെങ്കിൽ ആരും ഗവേഷണം ചെയ്തേക്കരുതെന്ന് പോലും തോന്നി തുടങ്ങി. അല്ലെങ്കിൽ വെറുതെ ഗവേഷണം ചെയ്യാൻ വന്നു.


ജോലി ചെയ്തിരുന്നെങ്കിൽ കൃത്യമായി പണം കൈവരുകയും നമുക്ക് വേണ്ട കാര്യങ്ങൾ നടക്കുകയും ചെയ്യുമായിരുന്നു എന്നും തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഏത് വിധേനയും ലഭിക്കാനുള്ള പണം കൈപറ്റുക എന്നത് മാത്രമായി പിന്നത്തെ ചിന്ത അതിനു വേണ്ടിയാണ് ഒരു വാർത്ത കൊടുത്തേക്കാമെന്ന് വിചാരിച്ചത്. അതിനുശേഷം ഒരുപാട് പേർ വിളിച്ചു. തങ്ങൾക്കും സമാനമായ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞു. 


നിലവിൽ സോഫ്റ്റ്വെയർ പ്രശ്നമാണ് വൈകുന്നതിന് കാരണമായതെന്നാണ് പട്ടികജാതി വികസന ഓഫീസ് കണ്ണൂരിൽ നിന്നു പറയുന്നത്. ഇന്നത്തെ വിവരസാങ്കേതിക വിദ്യയുടെ വളർച്ച കൊണ്ട് തന്ന ഏതൊരു സോഫ്റ്റ്വെയർ പ്രശ്നവും പെട്ടെന്ന് തന്നെ പരിഹരിക്കാൻ കഴിയേണ്ടതാണ്. അതിന് എട്ടുമാസം എടുത്തു എന്നു പറയുന്നത് വിശ്വസിക്കാനേ സാധിക്കുന്നില്ല!


കരാർ അടിസ്ഥാനത്തിലുള്ള ജോലിക്കാരെ വീണ്ടും എടുക്കാത്തത് കൊണ്ടാണെന്നും പണി ചെയ്യാനാറിയാവുന്ന സ്ഥിരവേതനക്കാർ ഇവിടെ ഇല്ലെന്നും അവർ തന്നെയാണ് ഓഫീസിൽ പോയപ്പോൾ പറഞ്ഞത്. പക്ഷേ അത് മാധ്യമങ്ങളിൽ പറയാൻ അവർ ധൈര്യം കാണിക്കില്ല. ഈ  കെട്ടകാലത്ത് ജോലി നഷ്ടപ്പെടാൻ ആരാണ് ആഗ്രഹിക്കുക?


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.