ഹിന്ദിയിലും ഹിറ്റായി പിണറായി; യോഗിയ്ക്കുള്ള ഹിന്ദി ട്വീറ്റും വൈറല്‍... കേരളത്തില്‍ ഭരണ-പ്രതിപക്ഷ ഐക്യം
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിന്ദി ട്വീറ്റ് വൻ ഹിറ്റായിരിക്കുകയാണ്
നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ ഉത്തർ പ്രദേശ് കേരളവും ബംഗാളും കശ്മീർ പോലെയാകുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് ഹിന്ദിയിലും ട്വീറ്റുമായി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിന്ദി ട്വീറ്റ് വൻ ഹിറ്റായിരിക്കുകയാണ് ഇപ്പോൾ. "യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യുപി കേരളമായി മാറിയാൽ മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനം, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ മികച്ചതാകും. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കൊലപാതകങ്ങൾ ഇല്ലാതാകും. ഇതാണ് യുപി ജനത ആഗ്രിക്കുന്നത്" പിണറായി വിജൻ ട്വിറ്ററിൽ കുറിച്ചു.
യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി പിണറായി വിജയൻ ഇംഗ്ലീഷിൽ ആദ്യം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ മാതൃഭാഷയായ ഹിന്ദിയിലും ട്വീറ്റ് ചെയ്തത്. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ ഉത്തർ പ്രദേശ് കേരളവും ബംഗാളും കശ്മീർ പോലെയാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. യുപി നിയമസഭ തിരഞ്ഞടെുപ്പിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു യോഗിയുടെ പ്രസ്താവന.
"ഞാൻ എന്റെ ഹൃദയത്തിൽ നിന്ന് പറയുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിൽ ഏറ്റവും മികച്ച കാര്യങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. സൂക്ഷിക്കുക! നിങ്ങൾക്ക് തെറ്റ് പറ്റിയാൽ ഈ അഞ്ച് വർഷത്തെ സേവനം ഇല്ലാതാകും. അത് ഉത്തർ പ്രദേശിനെ കശ്മീരോ കേരളമോ ബംഗാളോ ആക്കാൻ അധിക സമയം വേണ്ട. നിങ്ങളുടെ വോട്ട് എന്റെ അഞ്ച് വർഷത്തെ പ്രയത്നത്തിനുള്ള ആശംസയാണ്. നിങ്ങളുടെ വോട്ട് ഇവിടെ ഭയം കൂടാതെ ജീവിക്കാനുള്ള ഉറപ്പും കൂടിയാണ്" എന്ന് യോഗി ആദിത്യനാഥ് വീഡിയോയിൽ പറയുന്നു.
യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ കേരളത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യുപിക്ക് കേരളം ആകാനുള്ള ഭാഗ്യം ലഭിക്കട്ടെയെന്ന് ശശി തരൂർ എംപി ട്വീറ്റ് ചെയ്തിരുന്നു. ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നാണ് യോഗി ആദിത്യനാഥ് ജനങ്ങളോട് പറയുന്നത്. യുപിക്ക് ഭാഗ്യമുണ്ടെങ്കിൽ കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. യുപിയുടെ വിസ്മയം അവിടുത്തെ സർക്കാരിനെ കുറിച്ചുള്ള സഹതാപം മാത്രമാണെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ യുപി കേരളം പോലെയാകുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ''പ്രിയപ്പെട്ട യുപി, കേരളത്തെ പോലെയാകാന്‍ വോട്ടു ചെയ്യൂ. മധ്യാകല മതഭ്രാന്ത് വിട്ട് ബഹുസ്വരത, ഐക്യം, സമത്വവികസനം എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്.'' വിഡി സതീശൻ ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...