തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുവേണ്ടി നഗരങ്ങളില്‍ ആരംഭിച്ച പിങ്ക് പട്രോള്‍ സംവിധാനത്തിന് ഇന്നൊരു വയസ്സ്. സ്ത്രീകളുടെ മേല്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ സുരക്ഷയ്ക്ക് വേണ്ടി  ശക്തമായ നടപടികളെടുക്കാനായിട്ട് കേരള സര്‍ക്കാര്‍ രൂപംകൊടുത്ത സംവിധാനമാണ്‌ സംസ്ഥാന പിങ്ക് പോലീസ്  പട്രോള്‍.  2016 ആഗസ്റ്റ് 15 നാണ് തിരുവനന്തപുരം കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വനിതകള്‍ മാത്രമടങ്ങുന്ന കേരള പോലീസിന്‍റെ പിങ്ക് പട്രോള്‍ സംവിധാനം രാജ്യത്തിനു തന്നെ മാതൃകയായി കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കനുസരിച്ച് 17,820 ഫോണ്‍കാളുകളാണ് പിങ്ക് പട്രോള്‍ സംഘം കൈകാര്യം ചെയ്തത്. തുടര്‍ന്ന് പല പല ഘട്ടങ്ങളിലായി കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ നഗരങ്ങളിലും പിങ്ക് പട്രോള്‍ പദ്ധതി ആരംഭിച്ചു.


ഡ്രൈവര്‍ ഉള്‍പ്പെടെ പൂര്‍ണമായും വനിതാ പോലീസുകാര്‍ കൈകാര്യം ചെയ്യുന്ന പട്രോളിങ് വാഹനം കൂടുതലായും പട്രോളിങ് നടത്തുന്നത് സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ആണ്. മാത്രമല്ല, സ്ത്രീകളെ പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തുക, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുക തുടങ്ങിയവ തടയുന്നതിനും പിങ്ക് പോലീസ്പട്രോള്‍ സാന്നിധ്യം ഏറെ സഹായകമാകുന്നുണ്ട്.