ലോകം നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനമാണ് മാലിന്യപ്രശ്നം. ഏത് തരം മാലിന്യവും ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ രീതിയിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ അവ ഉണ്ടാക്കിയേക്കും. പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഒറ്റത്തവണ ഉപോയിഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളുമെല്ലാം എന്തുചെയ്യും? മണ്ണിൽ അലിയാതെ കിടക്കുന്ന കുപ്പികൾ വലിയ മരങ്ങളുടെ പോലും വേരോട്ടത്തിന് തടയിടും. മണ്ണിന്‍റെ ഘടനമാറ്റും. പരിഹാരമായി എന്തൊക്ക ചെയ്യാൻ കഴിയും എന്നത് ലോകം എന്നും ചിന്തിക്കുന്ന കാര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രേറ്റ തുംബർഗ് എന്ന വിദ്യാർത്ഥിയാണ് ലോകത്തോട് പ്രകൃയ്ക്കായി മാറ്റം വേണമെന്ന നിലപാടെടുത്തത്. വലിയ മാറ്റം എന്നും കുഞ്ഞ് ഹൃദയങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ഇവിടെ ഒരുകൂട്ടം കുട്ടികളാണ് ആ മാറ്റത്തിന്‍റെ തുടക്കമിട്ടിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ തടയാൻ  ഇക്കോ ബ്രിക്സ് ചലഞ്ച് സംഘടിപ്പിക്കുകയാണ് വിദ്യാർത്ഥികൾ. 


റാന്നി വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് സ്കൂൾ വിദ്യാർത്ഥികളാണ് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ സുതാര്യമായ പ്ലാസ്റ്റിക്ക് കുപ്പികളിൽ നിറച്ച് ഇക്കോബ്രിക്സ് ആക്കി മാറ്റുന്നത്. ഒരു മാസം നീണ്ട ഇക്കോ ബ്രിക്സ് ചലഞ്ചിലൂടെ എണ്ണൂറാം വയൽ സി എം എസ്സിലെ വിദ്യാർത്ഥികൾ മൂവായിരത്തി അഞ്ഞൂറോളം കുപ്പിക്കട്ടകളാണ് നിർമ്മിച്ചത്. 


ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ക്യാരീ ബാഗുകളും പാക്കിംഗ് കവർ, മിഠായി കവർ, പാൽകവർ, ഗൗസ്, മാസ്ക്ക് തുടങ്ങിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ശേഖരിച്ച് സുതാര്യമായ പ്ലാസ്റ്റിക്ക് കുപ്പികളിൽ കുത്തി നിറച്ചാണ് കുപ്പിക്കട്ടകൾ തയ്യാറാക്കുന്നത്.  അധികവും വലിച്ചെറിയപ്പെട്ട് കാറ്റിൽ പറന്ന് നടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.  


ഒരു കുപ്പിയിൽ 350 ഗ്രാം മുതൽ 600 ഗ്രാം വരെ പ്ലാസ്റ്റിക്ക് നിറക്കും. ഇത്തരത്തിൽ ഒരു ടണ്ണിലധികം പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ പ്രകൃതിക്ക് ദോഷം വരാത്ത തരത്തിൽ കുപ്പികളിൽ തടവിലാക്കിയിട്ടുണ്ട്. ഇങ്ങനെ നിർമ്മിച്ച കുപ്പിക്കട്ടകൾ കൊണ്ട്, സ്കൂൾ മുറ്റത്തെ തണൽ മരങ്ങൾക്ക് തറ കെട്ടുകയും പൂന്തോട്ടത്തിൽ ഇരിപ്പിടങ്ങളും സംരക്ഷണ വേലിയും  നിർമ്മിക്കുകയും ചെയ്തിട്ടുള്ളത്. 


മാലിന്യത്തെ ഉറവിടത്തിൽ തന്നെ തടവിലാക്കിയാൽ മണ്ണിനെയും വേരുകളെയും പ്ലാസ്റ്റിക്കുകൾ തടവിലാക്കുന്നത് തടയാനാകുമെന്ന് കുട്ടികൾ പറയുന്നു.  പ്ലാസ്റ്റിക് മാലിന്യം കൊണ്ട് മനോഹര വസ്കുക്കൾ മാത്രമല്ല. അവ കൊണ്ട് നമുക്ക് ഉപകാരപ്രദമാക്കുന്ന നിരവധി വസ്തുക്കൾ നിർമ്മിക്കാനും കഴിയുമെന്ന് കുട്ടികൾ തെളിയിക്കുന്നു. പുതു തലമുറ ഉത്തരവാദിത്ത്വത്തോടെ പ്രകൃതിയെ നോക്കുമ്പോൾ മുതിർന്നവർക്ക് അവരോട് ചേരാതിരിക്കാനാവില്ലെന്നതും ഇവിടെ തെളിയിക്കുന്നു.  


സ്കൂളിലെ വിദ്യാർത്ഥികളുടെ ഉദ്യമത്തിന് വലിയ പിന്തുണ വിവിധ കോണുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. അവധിക്കാലത്ത് കുട്ടികൾ നിർമ്മിക്കുന്ന ഇക്കോ ബ്രിക്സുകൾ ഉപയോഗിച്ച് വാട്ടർ എ റ്റി എം ക്യാബിൻ നിർമ്മിക്കാനും ഉദേശിക്കുന്നുണ്ട്. മുതിർന്ന പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്രമാക്കി ഓർമ്മ എക്കോ ബ്രിക്സ് എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ സംഘടനക്ക് രൂപം നൽകി ഈ ആശയംസംസ്ഥാനത്താകെ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.