കോട്ടയം: സിക്‌സറടിക്കുമെന്ന് വീമ്പ് പറഞ്ഞവരുടെ വിക്കറ്റ് പോയി, പോയത് വെറുമൊരു വിക്കറ്റല്ല, 54 വര്‍ഷം കൈയിലിരുന്ന പാലാ!! 


COMMERCIAL BREAK
SCROLL TO CONTINUE READING

പാലായില്‍ എല്‍ഡിഎഫ് നേടിയ ചരിത്ര വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.!! 


പാലാ ഉപതിരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫിന്‍റെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.  പാലായില്‍ സിക്‌സറടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് പോയെന്നും അദ്ദേഹം പരിഹസിച്ചു.


"പാലായില്‍ സിക്‌സറടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് വീണു. വെറുമൊരു വിക്കറ്റല്ല, 54 വര്‍ഷം കൈയിലിരുന്ന പാലായാണ് പോയത്", കാനം പറഞ്ഞു. സര്‍ക്കാര്‍ നേട്ടങ്ങള്‍ മാത്രമാണ് ഇടതുമുന്നണി പ്രചരിപ്പിച്ചതെന്നും ഇതാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പാലായില്‍ എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ ചരിത്രജയമാണ് കുറിച്ചത്. യു ഡി എഫ് കോട്ടയായ പാലായില്‍ 2943 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മാണി സി. കാപ്പന്‍ വിജയം നേടിയത്. 


മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍ഡിഎഫ് ഇവിടെ ജയിക്കുന്നത്. ഒപ്പം, മാണിയ്ക്ക് ശേഷം മറ്റൊരു മാണിയേയാണ് പാലാക്കാര്‍ തിരഞ്ഞെടുത്തത് എന്നത് മറ്റൊരു വസ്തുത!!


തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 54137 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 51194 വോട്ടുകളും ബി.ജെ.പിക്ക് 18044 വോട്ടുകളും ലഭിച്ചു.