കൊച്ചി: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ സഹായവും കേന്ദ്രം നല്‍കിക്കഴിഞ്ഞതായും കഴിഞ്ഞ തവണ അനുവദിച്ച 3047 കോടിയില്‍ പകുതിയോളം സംസ്ഥാനത്തിന്‍റെ കൈവശമുള്ളതായും മുരളീധരന്‍ പറഞ്ഞു.


കൂടാതെ, പ്രളയ സഹായത്തിനായി വിദേശ ഫണ്ട് സ്വീകരിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് നല്‍കാമെന്നേറ്റ സഹായം കേന്ദ്രം തടഞ്ഞിരുന്നോയെന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


അതേസമയം, പ്രധാനമന്ത്രി സന്ദര്‍ശിക്കേണ്ട സാഹചര്യം കേരളത്തില്‍ ഇപ്പോഴില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. 
പ്രളയദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.