TP Rajeevan: കവിയും എഴുത്തുകാരനുമായ ടി.പി.രാജീവൻ അന്തരിച്ചു
TP Rajeevan: കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
കോഴിക്കോട്: കവിയും എഴുത്തുകാരനുമായ ടി.പി.രാജീവന്‍ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, കുഞ്ഞാലി മരക്കാര്‍, ക്രിയാശേഷം എന്നിവയാണ് ടി.പി.രാജീവന്റെ പ്രശസ്ത നോവലുകള്‍. കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ കവിതകളെഴുതിത്തുടങ്ങിയ രാജീവന് യുവകവിക്കുള്ള വി.ടി.കുമാരന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2008-ലെ ലെടിംഗ് ഹൗസ് ഫെല്ലോഷിപ്പിനും ടി.പി.രാജീവൻ തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലും ഇംഗ്ലീഷിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തച്ചംപൊയിൽ രാജീവൻ എന്ന പേരിലായിരുന്നു ഇംഗ്ലീഷിലെ രചനകൾ.
ALSO READ: TJ Chandrachoodan Passed Away: മുതിർന്ന ആർഎസ്പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു
റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959-ല്‍ പാലേരിയിലാണ് ടി.പി.രാജീവന്റെ ജനനം. ഡല്‍ഹിയില്‍ പാട്രിയറ്റ് പത്രത്തില്‍ പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി. കെ.സി.ജോസഫ് സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍, ദീര്‍ഘകാലം, പ്രണയശതകം തുടങ്ങിയ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെട്ടുപോകുന്ന വാക്ക് എന്ന യാത്രാവിവരണവും വാക്കും വിത്തും, അതേ ആകാശം അതേ ഭൂമി എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയും കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്. ഭാര്യ: പി.ആര്‍.സാധന. മക്കള്‍: ശ്രീദേവി, പാര്‍വ്വതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...