` നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ` കടമ്മനിട്ടയുടെ ഓര്‍മ്മകൾക്ക് പതിനാലാണ്ട്
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന ചോദ്യത്തിൽ പതറാത്ത ആരും തന്നെയുണ്ടായിരുന്നില്ല
വായനക്കാരന്‍റെ ഉളളുലയ്ക്കുന്ന കവിതകളിലൂടെ മലയാളികളുടെ മനസിൽ പുതിയൊരു കാവ്യ ബോധം സൃഷ്ടിച്ച കാലത്തിന്‍റെ കരുത്തായിരുന്നു ഓരോ കടമ്മനിട്ട കവിതകളും. തമസിന്‍റെ ഗദ്ഗദത്തിൽ സിരകളിലൂടെ പടർന്ന ലഹരിയുടെ വെളളിമേഘങ്ങളായും അവയെ വിശേഷിപ്പിക്കാം. വാക്കുകളുടെ അഗാധ മൂർച്ചയിൽ നിണമണിഞ്ഞ മനസുമായി ആസ്വദകർ ആ കവിതകളെ നെഞ്ചോട് ചേർത്തു. കുറത്തിയെന്ന കവിത അനേകം ചോദ്യങ്ങളുടെ ഉത്തരമായിരുന്നു.
കേരളത്തിലെ അമ്മമാരുടെ മനസിൽ നിറഞ്ഞ് കിടന്ന അനേകം ചോദ്യങ്ങൾ അതിലുണ്ടായിരുന്നു. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന ചോദ്യത്തിൽ പതറാത്ത ആരും തന്നെയുണ്ടായിരുന്നില്ല. എത്രയോ കാലമായി മനസിനുളളിൽ ഉറഞ്ഞ് കിടന്ന ആ ചോദ്യം കുരുക്കുകൾ പൊട്ടിച്ച് പുറത്തിറങ്ങിയതാണ്. തരളിത ഹൃദയങ്ങൾക്ക് കടമ്മനിട്ട കവിതകളിൽ സ്വീകാര്യതയുണ്ടായിരുന്നില്ല. രൂക്ഷവും തീഷ്ണവുമായ ഭാവങ്ങളായിരുന്നു കടമ്മനിട്ട കവിതകളുടെ പ്രത്യേകത.
എല്ലാ കവിതകൾക്കും ഗ്രാമത്തിന്‍റെ നൈർമല്യമായിരുന്നു ഉണ്ടായിരുന്നത്. ഗ്രാമീണത തുളുമ്പുന്ന ചാക്കാല എന്ന കവിതയിലും നാടൻഭാഷയുടെ പൊളളുന്ന ചൂടുണ്ട്. ദ്രാവിഡസംസ്കാരത്തിന്‍റെ മണിമുഴക്കമുളള കിരാതവൃത്തം കവിതയിൽ കരാളതയുടെ നേർക്കാഴ്ചയാണ്. കിരാത വൃത്തത്തിലെ കാട്ടാളനെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്
ഈറ്റപ്പുലി നോറ്റുകിടക്കും
ഈറൻ കണ്ണ് തുറന്നും
കരിമൂർഖൻ വാലിൽ കിളരും
പുരികം പാതി വളച്ചും
നീറായ വനത്തിൻ നടുവിൽ
നില്പു കാട്ടാളൻ
നഗരത്തിന്‍റെ ജീവിത സുഖങ്ങൾ അനുഭവിച്ച മനുഷ്യൻ കാട് കയ്യേറുന്നതിന്‍റെ അരിശം കാട്ടാളനിലുണ്ട്. നഷ്ടങ്ങളുടെ മഴയിൽ നനഞ്ഞ് നിൽക്കുമ്പോഴും സൂര്യനുദിക്കുമെന്നും നിഴലായി അമ്പിളി വളരുമെന്നും വനമോടികൾ തിരികെ വരുമെന്നും സങ്കടങ്ങൾ ഇല്ലാതാകുമെന്നും അന്ന് ചിരിക്കുമെന്നും കാട്ടാളൻ മോഹിക്കുന്നു. ലാഭക്കൊതിയുടെ ഇരജീവിതമാണെന്ന തിരിച്ചറിവിലാണ് കവിയുടെ കാട്ടാളൻ നിലനിൽക്കുന്നത്.
കാവ്യബോധത്തിന്‍റെ പതിവുവഴക്കങ്ങളിൽ നിന്നും പൂർണ്ണമായും മോചിതനാകാൻ ആദ്യകാലത്തൊന്നും കടമ്മനിട്ടയ്ക്ക് കഴിയുമായിരുന്നില്ല. പ്രണയത്തിന്‍റെ തീവ്രത കവിയുടെ ആത്മാവിൽ തൊട്ടുതലോടി നിന്നിരുന്നു. പുതിയ കാലഘട്ടത്തിൽ പ്രണയത്തിന് വേണ്ടത്ര ഹൃദ്യതയില്ലെന്ന പരിഭവം കവിക്കുണ്ടായിരുന്നു. ഭാഗ്യശാലികൾ പുഴുങ്ങിയ മുട്ടകൾ എന്നീ കവിതകൾ പ്രേമത്തിന്‍റെ അർത്ഥശൂന്യതയാണ് പ്രതിപാദിക്കുന്നത്.
കടമ്മനിട്ടയുടെ കവിതകൾക്ക് എന്നും ഒരു പ്രവാചക സ്വഭാവം നിഴലിക്കുന്നുണ്ട്. കോഴി എന്ന കവിതയാകട്ടെ വരും കാലത്തിലെ മോശം പ്രവണതകളെ സൂചിപ്പിക്കുന്നതാണ്. കടമ്മനിട്ട കവിതകളുടെ മറ്റൊരു പ്രത്യേകത ആത്മരതി ആയിരുന്നു. കവിയരങ്ങുകളിൽ കവിത ചൊല്ലി കവി ആസ്വാദകരെ കയ്യിലെടുത്തു. ചൊൽക്കാഴ്ചകളുടെ പ്രലോഭനത്തിൽ നാടെങ്ങും കടമ്മനിട്ട കവിതകൾ അലയൊളികളായി. വിദ്യാർത്ഥികളും ഗ്രാമീണരും നാഗരികനുമൊക്കെ കടമ്മനിട്ട കവിതയിൽ അലിഞ്ഞു ചേർന്നു. ശബ്ദമറ്റ ജനവിഭാഗത്തിന്‍റെ നാവായിരുന്നു കടമ്മനിട്ട കവിതകൾ. മലയാള കാവ്യലോകത്തെ ഇന്നും പ്രചോദിപ്പിക്കുന്ന കടമ്മനിട്ട കവിതകൾക്ക് ഒരിക്കലും മരണമില്ല. കടമനിട്ട സ്മൃതി ദിനം മാർച്ച് 31
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.