തിരുവനന്തപുരം: കേരളത്തില്‍ വെച്ച് കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശവനിത കൊല്ലപ്പെട്ടത്‌ ബലാല്‍സംഘത്തിനിടെയെന്ന് അന്വേഷണ സംഘം. കസ്റ്റഡിയിലുള്ള നാല് പേരില്‍ ഉമേഷ്‌, ഉദയന്‍ എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാല്‍സംഗം എന്നീവകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം രാവിലെ ലഭിച്ചാല്‍ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇതില്‍ മുഖ്യ പ്രതി ഉമേഷാണെന്നും വിദേശവനിത കൊല്ലപ്പെട്ട സ്ഥലത്ത് ഇയാള്‍ സ്ത്രീകളെയും കുട്ടികളെയും കൊണ്ടുവന്ന് ശാരീരിക പീഡനത്തിനു ഇരയാക്കാറുണ്ടെന്നും പൊലീസ് പറയുന്നു. 


വിദേശവനിത കൊലക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ മൊഴിയെടുക്കുമെന്നും ഇയാള്‍ക്കെതിരെ പോസ്കോ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തുകയും ചെയ്യുമേന്നും പോലീസ് അറിയിച്ചിരുന്നു.


ഇവരുടെ അറിവോടെയല്ലാതെ ആര്‍ക്കും ആ സ്ഥലത്തേക്കെത്താനാകില്ല എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിച്ചത്. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച മുടിനാരുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതികളുടെയാണെന്ന്‍ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 


അതേസമയം, ഈ കേസില്‍ സര്‍ക്കാര്‍ ആരെയൊക്കെയോ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംഭവത്തില്‍ വ്യക്തത വരുന്നത് വരെ വിദേശവനിതയുടെ മൃതദേഹം സൂക്ഷിക്കണമെന്നും, റിപോസ്റ്റ് മോര്‍ട്ടം സാധ്യത ഇല്ലാതെയാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ,  വിദേശകാര്യ മന്ത്രാലയത്തോട് സംഭവത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  


വിദേശവനിതയുടെ സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ ഇന്ന് വൈകീട്ട് നാലിനു നടക്കും. സാങ്കേതിക കാരണങ്ങളാല്‍ ലിഗയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും സംസ്‌കാര ചടങ്ങിനെത്തില്ല. വിദേശവനിതയുടെ ചിതാഭസ്മം ഇലീസ് ലാത്വവിയയിലേക്കു കൊണ്ടുപോകും. മൃതദേഹം ലാത്വിയയിലേക്കു കൊണ്ടുപോകാന്‍ കുടുംബാംഗങ്ങള്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ചിതാഭസ്മം വീടുകളില്‍ സൂക്ഷിക്കുകയാണ് അവിടത്തെ പതിവ്. പൂന്തോട്ടത്തിലെ പുതിയൊരു തണല്‍മരച്ചുവട്ടില്‍ ചിതാഭസ്മം സൂക്ഷിക്കും.