K Surendran: സ്ത്രീവിരുദ്ധ പരാമർശം; കെ സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്
സുരേന്ദ്രൻ നടത്തിയ പൂതന പരാമർശം സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കന്‍റോണ്‍മെന്‍റ് പോലീസ് ആണ് സുരേന്ദ്രനെതിരെ കേസെടുത്തത്. ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം സുരേന്ദ്രൻ നടത്തിയ പൂതന പരാമർശം സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
'സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി' എന്നായിരുന്നു കെ സുരേന്ദ്രന്‍റെ പരാമര്‍ശം. സുരേന്ദ്രന്‍റെ വിവാദ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസിൽ സിപിഎം പ്രവര്‍ത്തകൻ അന്‍വര്‍ഷാ പാലോടും പരാതി നൽകിയിട്ടുണ്ട്. സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചുള്ള സുരേന്ദ്രൻ്റെ പ്രസ്താവനയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് പരാതിയിൽ പറയുന്നു.
Also Read: അഭിഭാഷകയെ ജഡ്ജി കയറിപിടിച്ചെന്ന് പരാതി; ജില്ല ജഡ്ജിയെ പാലയിലേക്ക് സ്ഥലം മാറ്റി
തൃശൂരിൽ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിൻറെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം. സ്ത്രീശാക്തീകരണത്തിൻ്റെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശ് അടിച്ചുമാറ്റി, തടിച്ചു കൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്' എന്ന പ്രസ്താവന വിവാദമായതോടെ സുരേന്ദ്രനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
സുരേന്ദ്രൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ സിപിഎം-കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. ഓരോരുത്തരുടെയും സംസ്കാരം അവരവരുടെ വാക്കുകളിൽ കാണാൻ കഴിയുമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിൻ്റെ വിമർശനം. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരള രാഷ്ട്രീയത്തിൽ സമീപ കാലത്തൊന്നു കേട്ടിട്ടില്ലെന്നും സുരേന്ദ്രൻ്റെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ പറഞ്ഞു. പ്രസ്താവന പിൻവലിച്ച് സുരേന്ദ്രൻ മാപ്പ് പറയണമെന്നും സുധാകരൻ വ്യക്തമാക്കി.
ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്ത തരത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സ്ത്രീകളെ അധിക്ഷേപിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ വിമർശനം. സിപിഎമ്മിലെ സ്ത്രീകളെ അടച്ചാക്ഷേപിക്കുകയും മാനഹാനി വരുത്തുകയുമാണ് സുരേന്ദ്രൻ ചെയ്തതെന്ന് വി.ടി ബൽറാം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...