Protest: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്
Youth congress: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. വിമാനത്തിൽ പ്രതിഷേധിച്ചവരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ, വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലുള്ള അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്‍റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിമാനത്തിൽ ഭീഷണിപ്പെടുത്തൽ, ആക്രമിക്കൽ, ആക്രമണ ശ്രമം എന്നിവയെല്ലാം ഇന്ത്യൻ എയർക്രാഫ്റ്റ് നിയമം അനുസരിച്ച് കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ, ഒരു വർഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയുണ്ടാകും. വാക്കുകളാൽ മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നവരെ മൂന്ന് മാസം വിമാനയാത്രയിൽ നിന്ന് വിലക്കാം. ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറ് മാസത്തേക്കും വിമാനയാത്രയിൽ നിന്ന് വിലക്കാം.
ALSO READ: വിമാന പ്രതിഷേധം: തെരുവിൽ ഏറ്റുമുട്ടി സിപിഎമ്മും കോൺഗ്രസും; കെപിസിസി ആസ്ഥാനത്ത് കല്ലേറ്
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ തള്ളി വീഴ്ത്തി. മദ്യപിച്ച് ലക്കുകെട്ട യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ഇപി ജയരാജൻ ആരോപിച്ചു. എന്നാൽ മദ്യപിച്ചിട്ടില്ലെന്നും ജയരാജൻ തങ്ങളെ മർദിക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...