അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു; കത്തി വാങ്ങിയത് ഓണ്‍ലൈനില്‍ നിന്ന്
ഇന്ന് രാവിലെയാണ് പ്രതികളുമായി പൊലീസ് യൂണിവേഴ്സിറ്റി കോളേജില്‍ തെളിവെടുപ്പിനായി എത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കേസിലെ മുഖ്യപ്രതികളെ കോളേജിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് പൊലീസ് കത്തി കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് പ്രതികളുമായി പൊലീസ് യൂണിവേഴ്സിറ്റി കോളേജില്‍ തെളിവെടുപ്പിനായി എത്തിയത്. കോളേജിലെ ചവറു കൂന്നയ്ക്കുള്ളില്‍ നിന്നുമാണ് കത്തി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്താണ് ചവറുകൂനയില്‍ നിന്നും കത്തി പോലീസിന് കാണിച്ചു കൊടുത്തത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയുമാണ് തെളിവെടുപ്പിനായി പോലീസ് കോളജില്‍ എത്തിച്ചത്. കോളേജിലെ യൂണിയന്‍ മുറിയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.
കയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് അഖിലിനെ കുത്താന്‍ ഉപയോഗിച്ചത്. ഇത് വാങ്ങിയത് ഓണ്‍ലൈനില്‍ നിന്നാണെന്നും പ്രതികള്‍ പൊലീസിനു മൊഴി നല്‍കി.
ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണിതെന്നും കൈപ്പിടിയില്‍ ഒതുക്കാവുന്ന വലുപ്പമേ കത്തിക്കുള്ളുവെന്നും പൊലീസ് പറഞ്ഞു.