വര്‍ക്കല: ​തെരുവ്​ നായയുടെ ​കടിയേറ്റ്​ 90കാരനായ വൃദ്ധന്‍ മരിച്ചതിന്​ പിന്നാലെ വർക്കലയിൽ ജോസ് മാവേലിയുടെ നേതൃത്വത്തില്‍  നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. സംഭവത്തില്‍, ജോസിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്യാനെത്തിയത്​ സംഘർഷാവസ്​ഥക്ക്​ കാരണമായി​. പ്രദേശത്ത്​ 35ഓളം നായ്​ക്കളെ ഇവരുടെ നേതൃത്വത്തിൽ നാട്ടുകാർ കൊന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ സ്​ത്രീകളും വ്യദ്ധരുമടങ്ങുന്ന 100 ഓളം വരുന്ന ആൾക്കൂട്ടം പൊലീസിനെതിരെ രംഗത്തെത്തുകയും ഇവരെ അറസ്​റ്റ്​​ ചെയ്യുകയാണെങ്കിൽ തങ്ങ​ളെക്കൂടി അറസ്​റ്റ്​ ​ചെയ്യണമെന്നാവശ്യപ്പെട്ട്​ പൊലീസിനെതിരെ ​പ്രതിഷേധിക്കുകയായിരുന്നു.


അതേസമയം, നായ്ക്കളെ കൊന്നതിന് ജയിലില്‍ പോകാനും തയ്യാറാണെന്ന് ജോസ് മാവേലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അക്രമകാരികളായ നായ്ക്കളെ ഇനിയും കൊല്ലും. ജനങ്ങള്‍ക്കു വേണ്ടിയാണ് താന്‍ ഈ പ്രവര്‍ത്തി ചെയ്തതെന്നും തെരുവ്‌നായ ശല്യം നേരിടാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും ജോസ് മാവേലി പറഞ്ഞു.


തിരുവനന്തപുരത്ത് വീടിന്‍റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന രാഘവനെ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഘവനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ വൈകുന്നേരം മുന്നരയോടെ രാഘവന്‍ മരണത്തിന് കീഴടങ്ങി.