കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി റിയാസ്
യാത്രക്കാരൻ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ പോലീസ് കേസെടുത്തേക്കുമെന്നാണ് വിവരം. കേസെടുക്കുന്നതിനുള്ള നിയമസാധ്യതകൾ പോലീസ് തേടുന്നുണ്ട്.
കൊച്ചി: ആലുവ പെരുമ്പാവൂരിൽ റോഡിലെ കുളിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡിലെ കുഴിയിൽ വീണ് ഒരു ജീവൻ നഷ്ടമായതിൽ ദുഃഖമുണ്ട്. ഈ റോഡ് 14 കിലോമീറ്റർ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് റോഡിൽ കുഴിയില്ല എന്ന മുൻ പ്രസ്താവനയെക്കുറിച്ചും ചോദ്യം ഉയർന്നു. എന്നാൽ ഇതിന് മന്ത്രിയുടെ മറുപടി ഈ ചോദ്യം ചോദിക്കാൻ നിങ്ങളെ ചിലർ ചുമതലപ്പെടുത്തിയതാകുമെന്നായിരുന്നു.
അതേസമയം, യാത്രക്കാരൻ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ പോലീസ് കേസെടുത്തേക്കുമെന്നാണ് വിവരം. കേസെടുക്കുന്നതിനുള്ള നിയമസാധ്യതകൾ പോലീസ് തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തിൽ ദേശീയപാത കരാറുകാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അറ്റകുറ്റ പണികൾക്ക് പിന്നാലെ റോഡ് വീണ്ടും തകർന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് സമരത്തിനൊരുങ്ങുകയാണ്. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. കുഞ്ഞുമുഹമ്മദിന്‍റെ മരണത്തിന്‍റെ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
തൃശൂരിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ച് വീണ് രണ്ട് പേർ മരിച്ചു
തൃശൂർ: തൃശൂരിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ച് വീണ് വഴിയാത്രക്കാരായ രണ്ട് പേർക്ക് ദാരുണാന്ത്യം. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. പുന്നയൂർക്കുളം അകലാടാണ് സംഭവം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രൈലർ ലോറിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ ഇരുമ്പ് ഷീറ്റ് ഇവരുടെ മേൽ വന്ന് വീഴുകയായിരുന്നു. അകലാട് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുകയായിരുന്നു മുഹമ്മദാലി. മറ്റൊരാൾ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേയാണ് അപകടം. ലോറിയിൽ കൊണ്ടുപോയ ഇരുമ്പു ഷീറ്റുകൾ യാതൊരു സുരക്ഷിതവുമല്ലാതെയാണ് കൊണ്ടുപോയതെന്ന് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന് പിന്നാലെ ഡ്രൈവർ കടന്നുകളഞ്ഞു. ക്ലീനർ പോലീസ് പിടിയിലായിട്ടുണ്ട്.
അതേസമയം കയ്പമംഗലം പനമ്പിക്കുന്നിൽ കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വയനാട് മാനന്തവാടി സ്വദേശി തെറ്റാൻ വീട്ടിൽ നിസാം (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മാനന്തവാടി സ്വദേശികളായ കൊട്ടറായി വീട്ടിൽ ജാഫർ (30), പൊന്നാൻ വീട്ടിൽ മെഹറൂഫ് (32), സീദി വീട്ടിൽ സാദിഖ് (30), മൊമ്പറാൻ വീട്ടിൽ ഫാഇസ് (23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മാനന്തവാടിയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...