ഇടുക്കി ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം; ജനം പരിഭ്രാന്തിയിൽ
ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല, അടയാളക്കല്ല് മേഖലകളിൽ കൃഷിയിടങ്ങളിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല.
ഇടുക്കി: ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം. തിങ്കളാഴ്ച രാത്രി കഴിഞ്ഞ രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആളാണ് വഴിയരികിൽ കടുവയെ കണ്ടത്. ചെമ്പകപ്പാറ സ്വദേശി ജോഷിയാണ് ഓട്ടോറിക്ഷയിൽ വരുന്നതിനിടെ കടുവ അടുത്തുള്ള റബർ തോട്ടത്തിലേയ്ക്ക് നടന്നു നീങ്ങുന്നത് കണ്ടത്.
ഇരട്ടയാർ പഞ്ചായത്തിലെ ജനങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി കടുവ പേടിയിലാണ്. ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല, അടയാളക്കല്ല് മേഖലകളിൽ കൃഷിയിടങ്ങളിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെങ്കിലും വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ ചിത്രം പതിഞ്ഞിട്ടില്ല. ഇതിനിടെ തിങ്കളാഴ്ച പുലർച്ചെ ഉദയഗിരി ടവർ ജങ്ഷനിൽ 2 കടുവകളെ കണ്ടെന്ന് ഒരു ബൈക്ക് യാത്രികൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കഴാഴ്ച രാത്രി 10 മണിയോടെ ഇരട്ടയാർ വെട്ടിക്കാമറ്റത്തിന് സമീപം റോഡരികിൽ മറ്റൊരാൾ കൂടി കടുവയെ കണ്ടത്.
എന്നാൽ വനപാലകർ എത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വെട്ടിക്കാമറ്റം കവലയിൽ റോഡരികിലും കൃഷിയിടത്തിലുമായി വന്യജീവിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ രാത്രിയിൽ തോപ്രാംകുടിയിൽ കൂട്ടിൽ കിടന്നിരുന്ന ആടിനെ വന്യജീവി ആക്രമിച്ചിട്ടുണ്ട്. അതേസമയം വാത്തിക്കുടിയിൽ കണ്ടത് പുലി വർഗത്തിൽപ്പെട്ട ജീവി ആകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ഇവിടെ കൂട് സ്ഥാപിച്ച് വന്യ മൃഗത്തെ പിടികൂടുമെന്നാണ് റിപ്പോർട്ട്. കുറച്ചു നാളുകളായി ജനവാസ കേന്ദ്രങ്ങളിൽ പുലി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യ മൃഗങ്ങൾ ഇറങ്ങുന്നതായി നാട്ടുകാർ പറയുന്നു.
സ്കൂട്ടർ യാത്രക്കാരനു നേർക്ക് കടുവകൾ പാഞ്ഞടുത്തു; രക്ഷപ്പെട്ടത് തലനാരിഴക്ക്- ദൃക്സാക്ഷി
ഇടുക്കി: പുഷ്പഗിരിയിൽ സ്കൂട്ടർ യാത്രക്കാരനു നേർക്ക് കടുവകൾ പാഞ്ഞടുത്തു. പുഷ്പഗിരി സ്വദേശി പൂവേലിൽ മോബിറ്റാണ് കടുവയെ കണ്ടത്. ടിപ്പർ ഡ്രൈവറായ മൊബീറ്റ് ജോലിക്ക് പോകുമ്പോൾ പുലർച്ചെയായിരുന്നു സംഭവം. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവകളെ കണ്ടെത്താനായില്ല.
കാമാക്ഷി പുഷ്പഗിരിക്ക് സമീപം ടവർ ജംഗ്‌ഷനിലാണ് കടുവയെ കണ്ടതായി മൊബീറ്റ് പറയുന്നത് . പുലർച്ചെ 4. 10 ന് സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോഴായിരുന്നു ടിപ്പർ ഡ്രൈവറായ ഇയാൾ കടുവയെ കണ്ടത്. രണ്ട് കടുവ ഉണ്ടായിരുന്നതായും തന്റെ നേർക്ക് കടുവ പാഞ്ഞടുത്തെന്നും മോബിറ്റ് പറയുന്നു.
പുഷ്പഗിരി ക്ക് സമീപമുള്ള വ്യാപാരി പൂവത്തുങ്കൽ സലികുമാറും കടുവയുടെ ഗർജ്ജനം കേട്ടതായി പറഞ്ഞു . സംഭവ സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തി. മോബിറ്റിന്റെയും സലിയുടെയും മെഴി രേഖപ്പെടുത്തി. വന്യമൃഗത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ മേഖലയിൽ ക്യാമറ സ്ഥാപിച്ച് ക്യാമറയിൽ പതിയുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കൂട് സ്ഥാപിക്കാനൊരുങ്ങുകയാണ് വനം വകുപ്പ്.