Droupadi Murmu in Kerala: വനിതകൾ നിർണായക ശക്തി: കേരളത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തിയത്.
കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപദി മുർമ്മു. സ്ത്രീ ശാക്തീകരണം ഉൾപ്പെടെയുള്ള നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രശംസ. തിരുവനന്തപുരത്ത് കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ലോകത്തിലെ ഏറ്റവും വലിയ സ്വയം സഹായ ശൃംഖലകളിലൊന്നാണ് കുടുംബശ്രീയെന്നും 1998ൽ അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇതിൻറെ ഉദ്ഘാടനം നിർവഹിച്ചതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കേരളത്തിലെ സ്ത്രീ ശാക്തീകരണത്തെ കുറിച്ചാണ് രാഷ്ട്രപതി എടുത്ത് പറഞ്ഞത്. രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം, സ്ത്രീകളുടെ സാക്ഷരത ഉൾപ്പെടെ രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് കേരളത്തിലാണെന്ന് രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ സ്ത്രീകൾ കൂടുതൽ വിദ്യാഭ്യാസവും അതുവഴി ശാക്തീകരിക്കപ്പെടുകയും ചെയ്തു. ഇതാണ് സംസ്ഥാനത്തിൻറെ വികസന മുന്നേറ്റത്തിൽ സുപ്രധാനമായ പങ്കുവഹിക്കുന്നത്. സമൂഹത്തിൽ സ്ത്രീകൾക്ക് സ്ഥാനം നൽകുമ്പോൾ അത് സമൂഹത്തിൻറെ മൊത്തത്തിലുള്ള മുന്നേറ്റത്തിന് കാരണമാകുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
READ ALSO: രാഷ്ട്രപതി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു; തലസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും
കേരളത്തിലെ ഓരോ സാമൂഹിക മുന്നേറ്റങ്ങളിലും മുൻനിരയിൽ നിന്ന സ്ത്രീകളെ രാഷ്ട്രപതി അനുസ്മരിച്ചു. ആയോധനകലയിൽ ഉണ്ണിയാർച്ചയെയും മുലക്കരം കൊടുക്കണമെന്ന അനാചാരത്തിനെതിരെ ജീവൻ ബലിയർപ്പിച്ച് പോരാടിയ നങ്ങേലിയെയും രാഷ്ട്രപതി സ്മരിച്ചു. കൂടാതെ, ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ അംഗങ്ങളിലെ 15 പേരിൽ മൂന്ന് വനിതകൾ കേരളീയരായിരുന്നുവെന്നും ദ്രൗപദി മുർമ്മു കൂട്ടിച്ചേർത്തു.
ഭരണഘടന അസംബ്ലിയിലേ്ക്ക് തിരഞ്ഞെടുത്ത ഏക ദളിത് വനിത ദാക്ഷായണി വേലായുധൻ, ഇന്ത്യയിലെ പ്രഥമ ഹൈക്കോടതി വനിത ജഡ്ജി അന്ന ചാണ്ടി, സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമാ ബീവി, കായിക രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രചോദനം നൽകിയ പി.ടി ഉഷ, മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ തുടങ്ങിയവരെല്ലാം കേരളീയരാണെന്നും ഇവരെല്ലാം രാജ്യത്തിൻറെ അഭിമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ രാഷ്ട്രപതി കേരളത്തിലെത്തിയത്. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കർശന സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിലും കുടുംബശ്രീയുടെ സിൽവർ ജൂബിലി വാർഷികത്തിലും പങ്കെടുത്ത ശേഷം രാഷ്ട്രപതി നാളെ റോഡ് മാർഗം നാളെ കന്യാകുമാരിയിലേക്ക് പോകും. തിരികെ എത്തിയശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഈ മാസം 21നാണ് ഡൽഹിയ്ക്ക് മടങ്ങുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...