President Droupadi Murmu : രാഷ്ട്രപതി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു; തലസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും
President Droupadi Murmu Kerala Visit : ദ്രൗപതി മുർമുവിൻ്റെ സന്ദർശനം കണക്കിലെടുത്ത് കൊല്ലം തിരുവനന്തപുരം ജില്ലകളിൽ കർശന സുരക്ഷയും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. കൊല്ലം ആശ്രാമത്തുള്ള അമൃതപുരിയിൽ എത്തിയാണ് രാഷ്ട്രപതി മാതാ അമൃതാനന്ദമയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരം പൗരസ്വീകരണത്തിലും കുടുംബശ്രീയുടെ സിൽവർ ജൂബിലി വാർഷികത്തിലും രാഷ്ട്രപതി പങ്കെടുക്കും. ദ്രൗപതി മുർമുവിൻ്റെ സന്ദർശനം കണക്കിലെടുത്ത് കൊല്ലം തിരുവനന്തപുരം ജില്ലകളിൽ കർശന സുരക്ഷയും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് രാഷ്ട്രപതി ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി , സേന വിഭാഗം ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ തുടങ്ങിയവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന്, തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചു. ശേഷം നാവിക സേനയുടെ പരീശിലന കേന്ദ്രമായ INS ദ്രോണാചാര്യയിലെ പരിപാടിയിൽ പങ്കെടുത്തു. ശേഷം, കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് പുറപ്പെട്ടു.
തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ താമസിച്ച ശേഷം കൊല്ലത്തേക്ക് യാത്ര തിരിച്ചു. അമൃതപുരിയിലെത്തിയ രാഷ്ട്രപതി മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ച ശേഷം അരമണിക്കൂർ നേരം കൂടിക്കാഴ്ച നടത്തി. തുടർന്ന് പത്തരയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു
തിരികെ തിരുവനന്തപുരത്തെത്തി 11:45 ന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിലും കുടുംബശ്രീയുടെ സിൽവർ ജൂബിലി വാർഷികത്തിലും പങ്കെടുക്കും. മുഖ്യമന്ത്രി, ഗവർണർ, മന്ത്രിമാർ,മേയർ തുടങ്ങിയവർ രാഷ്ട്രപതിയെ സ്വീകരിക്കുന്നുണ്ട്. ദ്രൗപതി മുർമുവിൻ്റെ സന്ദർശനം കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷാ ശക്തമാക്കി. കൊല്ലത്തും കായംകുളത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്ത് ചാക്ക മുതൽ ശംഖുമുഖം വരെയുള്ള പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പിന്നീട്, തലസ്ഥാനത്ത് നിന്ന് റോഡ് മാർഗം നാളെ കന്യാകുമാരിയിലേക്ക് പോകുന്ന രാഷ്ട്രപതി തിരികെ എത്തിയശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഈ മാസം 21 ആണ് ദില്ലിക്ക് മടങ്ങുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...