കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. കോട്ടയം ആർഡിഒ വിനോദ് രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു, എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ രാജൻ എന്നിവരോടൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് നേതാക്കൾക്കും, അണികൾക്കും ഒപ്പം പ്രകടനമായി താലൂക്ക് ഓഫീസിലേക്ക് എത്തിയാണ് ജെയ്ക് മൂന്ന് സെറ്റ് പത്രിക നൽകിയത്. തുടർന്ന് നേതാക്കൾ മാത്രം സ്ഥാനാർത്ഥിക്കൊപ്പം പത്രിക സമർപ്പണത്തിനായി ആർഡിഒ ഓഫീസിലേക്ക് എത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രി വി.എൻ വാസവൻ തുടങ്ങിയവരും ജെയ്ക്കിനൊപ്പം പ്രകടനത്തിലുണ്ടായിരുന്നു. ജെയ്ക് സി തോമസിന് കെട്ടിവെയ്ക്കുവാനുള്ള തുക ഡിവെെഎഫ്ഐയാണ് ജെയ്ക്കിന് കെെമാറിയത്.


ALSO READ: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും


അതേസമയം, പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഇന്ന് നടക്കും. രാവിലെ 10.30 മുതൽ തിരുവാതുക്കൽ എ.പി.ജെ അബ്ദുൾ കലാം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ഇ.വി.എം വെയർഹൗസിലാണ് പരിശോധന നടത്തുക. നാനൂറോളം വോട്ടിംഗ് യന്ത്രങ്ങൾ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ആറ് എൻജിനീയർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തുക.