Puthuppally By-Election Result: പുതുപ്പള്ളിയിലെ ബിജെപി വോട്ടുകള്‍ എവിടെപ്പോയി? സിപിഎമ്മിന്റെ വോട്ടുകളും ചോര്‍ന്നു... സഹതാപതരംഗം മാത്രമോ?
Puthuppally By Election Result 2023: 2021 ൽ നേടിയതിനേക്കാൾ പതിനായിരത്തിലധികം വോട്ടുകൾ കുറവാണ് ഇത്തവണ ജെയ്ക്ക് സി തോമസിന് പുതുപ്പള്ളിയിൽ സ്വന്തമാക്കാൻ ആയത്.
കോട്ടയം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫ്, വിശിഷ്യ കോണ്‍ഗ്രസ് വലിയ വിജയം നേടി. രണ്ടിടത്തും സിറ്റിംഗ് എംഎല്‍എമാരുടെ മരണമായിരുന്നു ഉപതിരഞ്ഞെടുപ്പിന് വഴിവച്ചത്. തൃക്കാക്കരയില്‍ പിടി തോമസും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും. തൃക്കാക്കരയില്‍ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും. രണ്ടിടത്തും മിന്നും വിജയം നേടിയത് കോണ്‍ഗ്രസ് തന്നെ.
പുതുപ്പള്ളിയില്‍ 52 വര്‍ഷം എംഎല്‍എ ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ പോലും വെല്ലുന്ന വിജയം ആണ് മകന്‍ ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ എക്കാലത്തേയും മികച്ച ഭൂരിപക്ഷത്തേക്കാള്‍ എത്രയോ മുകളിലാണ് ചാണ്ടി ഉമ്മന് ഇത്തവണ ലഭിച്ച ഭൂരിപക്ഷം. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷം ഉണ്ടായ സഹതാപ തരംഗത്തിന്റെ ഗുണഭോക്താവാണ് ചാണ്ടി ഉമ്മന്‍ എന്ന് വേണമെങ്കില്‍ പറയാം. അതിനപ്പുറം പുതുപ്പള്ളിയില്‍ സംഭവിച്ച അടിയൊഴുക്കുകളാണ് പരിശോധിക്കപ്പെടേണ്ടത്.
Read Also: കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളി കൊടുത്ത കടുത്ത ശിക്ഷ- എകെ ആൻറണി
ബിജെപിയ്ക്ക് പുതുപ്പള്ളി മണ്ഡലത്തിലുണ്ടായിരുന്ന വോട്ടുകള്‍ എവിടെ പോയി എന്നതാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യം. 2016 ല്‍ 15,993 വോട്ടുകള്‍ ആയിരുന്നു മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നേടിയത്. 2021 ആയപ്പോള്‍ ബിജെപി വോട്ടുകള്‍ 11,694 ആയി. ഇതിനിടയില്‍ നടന്ന 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മാത്രം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്വന്തമാക്കിയത് ഇരുപതിനായിരത്തില്‍ അധികം വോട്ടുകള്‍ ആയിരുന്നു.
ഇനിയാണ് ഇത്തവണത്തെ ബിജെപി വോട്ടിന്റെ കണക്ക് പരിശോധിക്കേണ്ടത്. കഴിഞ്ഞ തവണ ലഭിച്ചതിന്റെ പാതി വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ലിജിന്‍ ലാലിന് നേടാന്‍ കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ ബിജെപി വോട്ടുകള്‍ സഹതാപ തരംഗമായി ഒഴുകിപ്പോയോ എന്നാണ് ചോദ്യം. കഴിഞ്ഞ തവണ ബിജെപിയ്ക്ക് ലഭിച്ച വോട്ടുകള്‍, അടിയുറച്ച വോട്ടുകളായിരുന്നു എന്നാണ് വിലയിരുത്തിയിരുന്നത്. എന്‍ ഹരിയായിരുന്നു അന്ന് സ്ഥാനാര്‍ത്ഥി. അങ്ങനെയെങ്കില്‍ ബിജെപിയുടെ അടിയുറച്ച വോട്ടുകള്‍ പോലും പിടിച്ചെടുക്കാന്‍ ചാണ്ടി ഉമ്മന് കഴിഞ്ഞു എന്ന് പറയേണ്ടിവരും. അതിനെ ഒരു രാഷ്ട്രീയ വിജയമായി തന്നെ കണക്കാക്കുകയും വേണം.
ബിജെപിയുടെ വോട്ടുചോര്‍ച്ച മാത്രം പറഞ്ഞുകൊണ്ട് ഈ കനത്ത പരാജയത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ സിപിഎമ്മിന് സാധിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്. പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മനേക്കാള്‍ പ്രവര്‍ത്തന പരിചയവും മത്സരിച്ച് പരിചയവും ഉള്ള ആളായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസ്. 2021 ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയെത്തിച്ചതും ഇതേ ജെയ്ക്ക് സി തോമസ് തന്നെ ആയിരുന്നു. എന്നാല്‍ ഇത്തവണ ഒരു മത്സരം കാഴ്ചവയ്ക്കാന്‍ പോലും സിപിഎമ്മിനോ ജെയ്ക്ക് സി തോമസിനോ സാധിച്ചില്ല എന്നത് വസ്തുതയാണ്.
2021 ലെ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടില്‍ നിന്നും പതിമൂവായിരത്തോളം വോട്ടുകള്‍ പിറകിലേക്ക് പോയിരിക്കുകയാണ് ജെയ്ക്ക് സി തോമസ്. 2016 ലെ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയ വോട്ടുകൾ പോലും ഇത്തവണ ലഭിച്ചില്ലെന്ന് ചുരുക്കം. വര്‍ഷങ്ങളായി മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയ്ക്കിന് പോലും ഇങ്ങനെ ഒരു പരാജയം നേരിടേണ്ടി വന്നു എങ്കില്‍ അത് സഹതാപ തരംഗം മാത്രമല്ല. സിപിഎമ്മിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകളുടെ പ്രകടമായ ചോര്‍ച്ച തന്നെയാണത്. അതിന് കാരണം, ഭരണവിരുദ്ധ വികാരം കൂടിയാണെന്ന് വിലയിരുത്തേണ്ടി വരും.
ഇതിന്റെ ആകെത്തുക ഒന്ന് മാത്രമാണ്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിച്ചത് ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം കൊണ്ട് മാത്രമല്ല. സംസ്ഥാന സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതികരണം കൂടിയാണ്. ബിജെപി വോട്ടുകളുടെ കണക്ക് പറഞ്ഞുകൊണ്ട് മാത്രം എല്‍ഡിഎഫിനോ സിപിഎമ്മിനോ ഈ പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആവില്ല. ഭൂരിപക്ഷത്തിൽ മാത്രമല്ല ചാണ്ടി ഉമ്മൻ റെക്കോഡിട്ടത് എന്നതും ഇടതുപക്ഷം ഓർത്തുവയ്ക്കേണ്ടതാണ്. പുതുപ്പള്ളി മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന വോട്ട് എന്ന റെക്കോർഡും ഇനി ചാണ്ടി ഉമ്മന്റെ കൈയ്യിൽ ഭദ്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...