കൊച്ചി: സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നേരിടാന്‍ പ്ലാന്‍ ബി തയ്യാറാക്കിയിരുന്നതായി രാഹുല്‍ ഈശ്വര്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് തടസം നിന്ന കേസില്‍ അറസ്റ്റിലായ അയ്യപ്പ ധര്‍മ സേനാ നേതാവും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറാണ് ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നട അടപ്പിക്കാന്‍ സ്വയം മുറിവേല്‍പ്പിച്ച്‌ രക്തം വീഴ്ത്താന്‍ 20 പേരെ നിര്‍ത്തിയിരുന്നതായി രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. 


ശബരിമല അയ്യപ്പശാസ്താവിന്‍റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. ഇനിയുള്ള ദിവസങ്ങളിലും ഇത്തരക്കാര്‍ ശബരിമലയില്‍ ഉണ്ടാകുമെന്ന് രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തുന്നു.


മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഈശ്വര്‍ ഇത്തരത്തില്‍ വെളിപ്പെടുത്തിയത്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ സമരം നടത്തുക എന്നത് പ്ലാന്‍ എയും രക്തം വീഴ്ത്തുക എന്നത് പ്ലാന്‍ ബിയും ആയിരുന്നുവെന്ന് ഇയാള്‍ പറയുന്നു.


ശബരിമല കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ അയ്യപ്പ ഭക്തരും സംഘപരിവാറും വന്‍ സമരവും പ്രതിഷേധവുമാണ് നടത്തിയത്.