തിരുവനന്തപുരം: പ്രവാസി കേരളീയരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭക്ക് കോണ്‍ഗ്രസ്‌ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം.


COMMERCIAL BREAK
SCROLL TO CONTINUE READING

സമ്മേളനം കോണ്‍ഗ്രസും യുഡിഎഫും ബഹിഷ്‌കരിച്ച ഈ സാഹചര്യത്തില്‍ രാഹുലിന്‍റെ അഭിനന്ദനം അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.


മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദന കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രവാസികളുടെ ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുല്‍ കത്തില്‍ പറയുകയും അതിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.


ഡിസംബര്‍ 12 നാണ് രാഹുല്‍ ഗാന്ധി കത്തയച്ചിരിക്കുന്നത്. അതേ സമയം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ധൂര്‍ത്താണ് നടത്തുന്നതെന്ന്‍ ആരോപിച്ച്  ഇത്തവണത്തെ സമ്മേളനം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു. 


മാത്രമല്ല ഒന്നാം സമ്മേളനത്തിലെടുത്ത 60 തീരുമാനങ്ങളില്‍ ഒന്നുപോലും ഫലപ്രദമായി നടപ്പാക്കിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ലോക കേരള സഭയുടെ വൈസ്.ചെയര്‍മാന്‍ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെക്കുകയും ചെയ്തിരുന്നു. 


കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന രണ്ടാം സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് നേതാക്കള്‍ ആരും പങ്കെടുത്തില്ല. ഇതിനിടെയാണ് സഭയെ അഭിനന്ദിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി പങ്കുവെച്ചത്. രാഹുലിന്‍റെ അഭിനന്ദനത്തിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.


ഇതിനിടെ യുഡിഎഫിന് കൂടുതല്‍ തലവേദന സൃഷ്ടിച്ച് മുസ്ലിം ലീഗിലെ ഒരു വിഭാഗം ലോക കേരള സഭയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.